കൂത്തുപറമ്പ്: ഒന്നരവർഷം പൂർത്തിയാവുന്നതിനിടയിൽ കൂത്തുപറമ്പിൽ സിഐമാരായി ചുമതലയേറ്റത് മൂന്നു പേർ. നിലവിലെ സിഐ ടി.വി.പ്രദീഷ് സ്ഥലം മാറി പോകുന്നത് ചുമതലയേറ്റ് നാലു മാസം പോലും തികയ്ക്കാതെ.
ഇക്കഴിഞ്ഞ ഓഗസ്റ്റ് രണ്ടിനാണ് ഇദ്ദേഹം ഇവിടെ സിഐയായി ചുമതലയേറ്റത്. പുതിയ സിഐയായി ജോഷി ജോസ് അടുത്ത ദിവസം ചുമതലയേറ്റേക്കും.
2016 ഓഗസ്റ്റ് മാസം മുതലാണ് വിവിധ കാലയളവിലായി സിഐമാരായ കെ.പി. സുരേഷ് ബാബു, യു.പ്രേമൻ, ടി.വി.പ്രദീഷ് എന്നിവർ സേവനമനുഷ്ഠിച്ചത്.സിഐയായ യു.പ്രേമൻ ഡി വൈ എസ് പി യായി പ്രമോഷൻ ആയതോടെയാണ് സ്ഥലം മാറിപ്പോയത്.
ഇതോടെ പുതിയ സിഐ ചാർജെടുക്കും വരെ പത്ത് ദിവസത്തോളം തലശേരി തീരദേശസ്റ്റേഷൻ സിഐയായിരുന്ന പ്രദീപൻ കണ്ണിപ്പൊയിലും കൂത്തുപറമ്പ് സി ഐ യുടെ ചുമതല വഹിച്ചിരുന്നു.
ആറു മാസം പോലും തികയ്ക്കാതെയുള്ള സിഐമാരുടെ സ്ഥലംമാറ്റം കേസന്വേഷണത്തേയും ബാധിക്കും. കൊലപാതകം,വധശ്രമം, സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള പീഡനം തുടങ്ങിയ അതീവഗൗരവമാർന്ന കുറ്റങ്ങൾ ഉൾപ്പെടുന്ന കേസുകളുടെ അന്വേഷണ ചുമതലയാണ് സി ഐ ക്കുള്ളത്.
ഇത്തരം ഒട്ടേറെ കേസുകൾ കൂത്തുപറമ്പ് സർക്കിൾ പരിധിയിലെ പോലീസ് സ്റ്റേഷനുകളിലുണ്ട്.അ ടുത്ത കാലത്തായി ഏറ്റവും കൂടുതൽ കാലയളവിൽ സേവനമനുഷ്ഠിച്ചത് സി ഐ കെ പ്രേംസദൻ ആയിരുന്നു.2014 മാർച്ച് മുതൽ 2016 ജൂലായ് മാസം വരെയായി രണ്ടര വർഷത്തിനടുത്ത് ഇദ്ദേഹം കൂത്തുപറമ്പ് സി ഐയായി ജോലി ചെയ്തിരുന്നു.