അമരവിള : നെയ്യാറ്റിന്‍കര താലൂക്കിലെ 21 വില്ലേജുകളുടെ നിയന്ത്രണമുള്ള റീസര്‍വെ ഓഫീസാണ് ജീവനക്കാരില്ലാത്തതിനെ തുടര്‍ന്ന് അടഞ്ഞ് കിടക്കുന്നത്. മൂന്നു മാസങ്ങള്‍ക്ക് മുമ്പ് വിവിധ കാരണങ്ങള്‍ ഉന്നയിച്ച് 14 ജീവനക്കാരെ റീസര്‍വെ വിഭാഗത്തില്‍ നിന്ന് കൂട്ടമായി സ്ഥലം മാറ്റിയെങ്കിലും നാളിതുവരെ പകരക്കാര്‍ എത്തിയിട്ടില്ല. വിഴിഞ്ഞം തീരദേശ മേഖലമുതല്‍ മലയോര മേഖലയായ അമ്പൂരി പഞ്ചായത്ത് വരെയുള്ള 21 വില്ലേജുകളുടെയും സര്‍വെ പ്രവര്‍ത്തനങ്ങള്‍ നിലച്ചതോടെ നൂറുകണക്കിന് പരാതിക്കാരാണ് ദിവസേന താലൂക്ക് ഓഫീസിലെത്തി നിരാശരായി മടങ്ങുന്നത്.
ഹെഡ് സര്‍വയറും രണ്ട് ഡ്രാഫ്റ്റ്സ്മാന്മാരുമുള്പ്പെടെ 15 ജീവനക്കാരുള്ള റീസര്‍വെ വിഭാഗം നിശ്ചലമായതോടെ തീര്‍പ്പ് കല്‍പ്പിക്കേണ്ട 5000 ലധികം പരാതികളാണ് സര്‍വെ ഓഫിസില്‍ മാത്രം കുന്നുകൂടി കിടക്കുന്നത്. നിസാരമായി തീര്‍ക്കേണ്ട 1500 ലേറെ ഫയലുകളാണ് ഹെഡ് സര്‍വയറുടെ ഊഴം കാത്ത് കിടക്കുന്നത്. പരമ്പരാഗതമായി നടക്കുന്ന ചെയില്‍ സര്‍വെക്ക് ദിവസം നിശ്ചയിക്കപ്പെട്ട പലരും ജീവനക്കാരില്ലാത്തതിനാല്‍ വസ്തുക്കളുടെ ക്രയ വിക്രയം പോലും നടത്താനാവാതെ വിഷമിക്കുകയാണ്.
സാറ്റ്ലൈറ്റ് സര്‍വെക്ക് വേണ്ടി സര്‍വെ വിഭാഗത്തിന് ടോട്ടര്‍ ഫോര്‍ സര്‍വെ എന്ന ആധുനിക ഉപകരണമുണ്ടെങ്കിലും മെഷീന് കേടായതിനാല്‍ നെയ്യാറ്റിന്‍കര താലൂക്കിന് കീഴില്‍ സാറ്റ്ലൈറ്റ് സര്‍വെ നടക്കുന്നില്ല. പരാതിക്കാര്‍ക്ക് വേണ്ടി വില്ലേജ് ഓഫിസില്‍ നിന്ന് ആരംഭിക്കുന്ന സര്‍വെ നടപടികള്‍ താലൂക്ക് സര്‍വെയര്‍, ഹെഡ് സര്‍വെയര്‍, അഡീഷണല്‍ തഹസില്‍ദാര്‍ എന്നിങ്ങനെ കടമ്പകള്‍ ഏറെ കടന്ന് പട്ടയമെന്ന സ്വപ്നത്തിലെത്തുമ്പോഴേക്കും സാമ്പത്തികമായും മാനസികമായും പരാതിക്കാര്‍ തളര്‍ന്നിരിക്കും.
നിലവില്‍ കുന്നുകൂടി കിടക്കുന്ന മിക്ക പരാതികളിലും പരാതിക്കാരുടെ തോരാത്ത കണ്ണീരുണ്ടെന്നതാണ് സത്യം . എന്നാല്‍ പരാതിയുമായി മുടങ്ങാതെയെത്തുന്ന പാവങ്ങള്‍ക്ക് നാളെ വരൂ എന്ന വലിയ പ്രതീക്ഷ നല്‍കിയാണ് താലൂക്ക് ഓഫീസ് ജീവനക്കാര്‍ മടക്കുന്നത്. തഹസില്‍ദാര്‍ക്ക് പോലുമറിയില്ല ജീവനക്കാരെത്തി റീ സര്‍വെ ഓഫീസിന്റെ പ്രവര്‍ത്തനം എന്ന് തുടങ്ങുമെന്ന്.