ന്യൂഡൽഹി: വിദ്വേഷപ്രസംഗം നടത്തിയ ബിജെപി നേതാക്കൾക്കെതിരെ കേസെടുക്കാൻ ഉത്തരവിട്ട ഡൽഹി ഹൈക്കോടതി ജഡ്ജിയെ സ്ഥലമാറ്റിയ സംഭവത്തിൽ രൂക്ഷ വിമർശനവുമായി രാഹുലും പ്രിയങ്കയും. സ്ഥലംമാറ്റം നടപടിയിൽ ഞെട്ടലല്ല നാണക്കേടാണ് തോന്നുന്നതെന്ന് പ്രിയങ്ക ട്വീറ്റ് ചെയ്തു.
ജസ്റ്റീസ് മുരളീധറിനെ അർധരാത്രി സ്ഥലംമാറ്റിയത് ഇപ്പോഴത്തെ അവസ്ഥ കണക്കിലെടുക്കുമ്പോൾ ഞെട്ടിപ്പിക്കുന്നതല്ല, പക്ഷേ ഇത് വളരെ സങ്കടകരവും ലജ്ജാകരവുമാണ്. ദശലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ജുഡീഷറിയിൽ വിശ്വാസമുണ്ട്.
ജുഡീഷറിയിലുള്ള ജനങ്ങളുടെ വിശ്വാസ്യത തകര്‍ക്കാനുള്ള ബോധപൂർവമായ സർക്കാർ ശ്രമങ്ങൾ നിന്ദ്യമാണെന്നും പ്രിയങ്ക ട്വിറ്ററിൽ പറഞ്ഞു. ജസ്റ്റീസ് ലോയയെ ഓർമിച്ചായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രതികരണം. ധീരനായ ജസ്റ്റീസ് ലോയയെ ഓർമിക്കുന്നതായി രാഹുൽ ട്വീറ്റ് ചെയ്തു.
കപില്‍ മിശ്ര, കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍, പര്‍വേഷ് വര്‍മ എം.പി, അഭയ് വര്‍മ എംഎല്‍എ എന്നിവര്‍ക്കെതിരെ കേസെടുക്കണമെന്നാണ് ജസ്റ്റീസ് മുരളീധർ ഉത്തരവിട്ടത്.
കപില്‍ മിശ്ര, കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍, പര്‍വേഷ് വര്‍മ എം.പി, അഭയ് വര്‍മ എംഎല്‍എ എന്നിവര്‍ക്കെതിരെ കേസെടുക്കാത്തതില്‍ ജസ്റ്റീസ് മുരളീധര്‍ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.
ഇതിനു പിന്നാലെ കേസ് ജസ്റ്റീസ് മുരളീധറിന്റെ ബെഞ്ചിൽ നിന്നും ചീഫ് ജസ്റ്റീസിന്റെ ബെഞ്ചിലേക്ക് മാറ്റുകയും ചെയ്തിരുന്നു.മുരളീധറിനെ സ്ഥലം മാറ്റണമെന്ന് നേരത്തെ കൊളീജിയം ശിപാർശ ചെയ്തിരുന്നു. പഞ്ചാബ് ഹരിയാന കോടതിയിലേക്കാണ് അദ്ദേഹത്തെ സ്ഥലം മാറ്റിയത്.