അന്പലപ്പുഴ: പൊതു സ്ഥലം മാറ്റം ഈ വർഷം ഇല്ലെന്ന ഒൗദ്യോഗിക പ്രഖ്യാപനം ഉണ്ടായിരുന്നെങ്കിലും മുന്നറിയിപ്പില്ലാതെ സ്ഥലംമാറ്റ ഉത്തരവിന് എല്ലാ പോലീസ് സ്റ്റേഷനുകളിലേക്കും സർക്കുലർ എത്തിക്കഴിഞ്ഞതോടെ എന്തു ചെയ്യണമെന്നറിയാതെ പോലീസ് ഉദ്യോഗസ്ഥർ. പൊതു ട്രാൻസ്ഫഫർ ഇല്ലെന്ന അടിസ്ഥാനത്തിൽ മക്കളെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശിപ്പിച്ച് ദിവസങ്ങൾ കഴിഞ്ഞപ്പോഴാണ് ജില്ലയിലെ പോലീസ് സ്റ്റേഷനുകളിലേക്ക് സ്ഥലം മാറ്റത്തിന് ഒപ്ഷൻ കാണിച്ചു കൊണ്ട് ഉത്തരവിറങ്ങിയത്.
കഴിഞ്ഞ കാലങ്ങളിൽ വിദ്യാലയങ്ങൾ തുറക്കുന്നതിന് മുൻപേ ആയിരുന്നു പൊതു സ്ഥലം മാറ്റ ഉത്തരവിറങ്ങുന്നത്. 2019 ൽ ആകട്ടെ ഒരു മുന്നറിയിപ്പുമില്ലാതെയാണ് ഉത്തരവ് വന്നത്. ഇതോടെ മെറിറ്റിലും, മാനേജ്മെന്റ് കോട്ടയിലും പ്രവേശനം നേടി മക്കളുടെ പഠനം ഉറപ്പാക്കിയ പോലീസ് ഉദ്യോഗസ്ഥർ എന്തു ചെയ്യണമെന്നറിയാതെ വെട്ടിലായിരിക്കുകയാണ്.
തുടർ പഠനത്തിനായി തങ്ങളുടെ മക്കൾക്ക് മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സീറ്റു ലഭിക്കുമോ എന്ന ആശങ്കയും ഇവർക്കുണ്ട്. ഉത്തരവ് ജില്ലാ പോലീസ് സേനയിൽ തന്നെ അമർഷത്തിന് കാരണമായിട്ടുണ്ട്. റദ്ദാക്കിയ സ്ഥലം മാറ്റമാണ് ജില്ലയിൽ ഇന്നലെ വീണ്ടും പ്രാബല്യത്തിൽ വന്നത്. എസ്പിസി ഇൻസ്ട്രക്ടർമാരെ അതാത് സ്റ്റേഷനുകളിൽ അഞ്ചു വർഷം നിലനിർത്തണമെന്ന നിയമം പാലിക്കപെട്ടിട്ടില്ലന്നും പറയുന്നു. ഇതിന്റെ പേരിൽ കടുത്ത മാനസിക സമ്മർദ്ദത്തിലാണ് പൊലീസുകാർ.