നിങ്ങള്‍ ആത്മാര്‍ഥമായി സ്വപ്‌നം കണ്ടാല്‍ അത് സാക്ഷാത്കരിക്കാന്‍ ലോകം തന്നെ നിങ്ങളുടെയൊപ്പം നില്‍ക്കുമെന്നാണ് പറയാറുള്ളത്. ഒന്നുമില്ലായ്മയില്‍ നിന്നും ഇന്നു കോടിപതിയിലേക്കെത്തി നില്‍ക്കുന്ന പ്രേം ഗണപതി എന്ന ബിസിനസുകാരനും പറയാനുള്ളത് ഇങ്ങനെയൊരു സ്വപ്‌നം യാഥാര്‍ഥ്യമായതിന്റെ കഥയാണ്. 150 രൂപയില്‍ നിന്നു തുടങ്ങിയ തൂത്തുക്കുടി സ്വദേശി പ്രേം ഗണപതിയുടെ ഇന്നത്തെ മാസവരുമാനം കേട്ടാല്‍ നിങ്ങളുടെ കണ്ണു തള്ളും. 30 കോടി രൂപ !. വീടിന്റെ മുഴുവന്‍ ഭാരവും തന്റെ ചുമലിലേക്കു വന്നപ്പോള്‍ പതറാതെ പണം സമ്പാദിക്കണമെന്നു സ്വപ്നങ്ങള്‍ കണ്ടതും അതിനായി മുന്നിട്ടിറങ്ങിയതുമൊക്കെയാണ് പ്രേമിനെ ഇന്നത്തെ കോടിപതിയാക്കിയത്. ഭാഷ പോലും അറിയാത്ത നാട്ടില്‍ വന്നു ജോലിക്കായി അലഞ്ഞു നടന്നതിന്റെയും വിയര്‍പ്പൊഴുക്കിയതിന്റെയും ഒട്ടേറെ കഥകളുണ്ട് പ്രേമിനു പറയാനായി…
യോഗാ അധ്യാപകനായിരുന്നു പ്രേമിന്റെ അച്ഛന്‍. അഞ്ചു സഹോദരന്മാരും ഒരു സഹോദരിയുമാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. പ്രേം പത്താം ക്ലാസില്‍ പഠിക്കുന്ന സമയത്താണ് കൃഷിയില്‍ നഷ്ടം സംഭവിച്ചതോടെ അദ്ദേഹത്തിന്റെ അച്ഛന്റെ സമ്പാദ്യമെല്ലാം നഷ്ടമാകുന്നത്. അങ്ങനെ വീടിന്റെ ഭാരം മുഴുവന്‍ പ്രേമിന്റെ ചുമലിലായി. മറ്റൊരു വഴിയും മുന്നില്‍ കാണാതായതോടെ എങ്ങനെയും പണം സമ്പാദിക്കുക എന്ന ലക്ഷ്യവുമായി പതിനേഴാം വയസില്‍ പ്രേം മുംബൈയിലേക്കു കയറി. പോക്കറ്റില്‍ വെറും ഇരുന്നൂറു രൂപയും വച്ചായിരുന്ന ആ യാത്ര. തമിഴ് മാത്രം വശമുണ്ടായിരുന്ന പ്രേം തുടക്കത്തില്‍ ഭാഷയുടെ പേരിലാണ് പ്രശ്‌നങ്ങള്‍ നേരിട്ടത്. ആകെയുണ്ടായിരുന്ന ഇരുന്നൂറു രൂപ മോഷ്ടാക്കള്‍ തട്ടിയെടുക്കുക പോലുമുണ്ടായി. പക്ഷേ അതിലൊന്നും തളരാതെ കുടുംബത്തിനു താന്‍ മാത്രമേയുള്ളു എന്ന ചിന്ത ഒന്നു മാത്രമാണ് പ്രേമിനെ മുന്നോട്ടു നയിച്ചത്.
ആദ്യം കുറേനാള്‍ ജോലി തേടി അലഞ്ഞതിനു ശേഷം ഒരു ബേക്കറിയില്‍ ജോലി കിട്ടി. പാത്രങ്ങള്‍ കഴുകുകയായിരുന്നു ജോലി. മാസം 150 രൂപയായിരുന്നു വരുമാനം. ബേക്കറിയില്‍ തന്നെ താമസവും ഒരുക്കിയിരുന്നു, പിന്നീടുള്ള രണ്ടുവര്‍ഷക്കാലം ബേക്കറിയില്‍ ജോലി ചെയ്തുകൊണ്ടു തന്നെ മറ്റു സ്ഥലങ്ങളിലും ജോലി അന്വേഷിച്ചു. അങ്ങനെ പല പല റെസ്‌റ്റോറന്റുകളില്‍ ജോലി ചെയ്ത് തന്നെക്കൊണ്ടു കഴിയും വിധം പ്രേം സമ്പാദിച്ചു തുടങ്ങി. ഇതിനിടയില്‍ പിസാ ഡെലിവറി ബോയ് ആയും നവി മുംബൈയിലെ മറ്റൊരു റെസ്റ്ററന്റില്‍ പാത്രം കഴുകുന്ന ജോലിയുമൊക്കെ ഏറ്റെടുത്തു. എങ്ങനെയും കാശുണ്ടാക്കുകയായിരുന്നു ലക്ഷ്യം, അതിനായി സ്വയംമറന്ന് അധ്വാനിക്കാനുള്ള മനസ്സും പ്രേമിനുണ്ടായിരുന്നു. വര്‍ഷങ്ങള്‍ ജോലിക്കാരനായതോടെ ഇനി സ്വന്തമായി ബിസിനസ് ചെയ്യണമെന്ന ആഗ്രഹം പ്രേമില്‍ ഉടലെടുത്തു. 1992ലായിരുന്നു തുടക്കം. വഴിയോരങ്ങളില്‍ ഇഡ്ഡലിയും ദോശയും വിറ്റാണ് തുടങ്ങിയത്. സുഹൃത്തുക്കളില്‍ നിന്നും മറ്റുമായി 150 രൂപയോളം കടം വാങ്ങി ഉന്തുവണ്ടി വാടയ്‌ക്കെടുക്കുകയാണ് ആദ്യം ചെയ്തത്. തുടക്കത്തില്‍ അല്‍പം ശ്രമകരമായിരുന്നുവെങ്കിലും പ്രേം പ്രതീക്ഷ കൈവിട്ടില്ല.
ഉന്തുവണ്ടിയില്‍ വില്‍പന നടത്താനുള്ള അനുമതി നേടാത്തതിന്റെ പേരില്‍ പലതവണ മുനിസിപ്പാലിറ്റി അധികൃതര്‍ തന്റെ വണ്ടി പിടിച്ചുവച്ചെങ്കിലും പ്രേം പുറകിലോട്ടു പോയില്ല. എങ്ങനെയും വിജയിക്കും എന്ന നിശ്ചയദാര്‍ഢ്യം അദ്ദേഹത്തിന്റെ മാസവരുമാനം ഇരുപതിനായിരത്തിലേക്കെത്തിച്ചു. പതിയെ സുഹൃത്തുക്കളുടെ സഹായത്തോടെ പ്രേം കമ്പ്യൂട്ടര്‍ അഭ്യസിച്ചു. ജോലിക്കിടയില്‍ എല്ലാ വൈകുന്നേരവും രണ്ടുമണിക്കൂര്‍ ഇടവേളയെടുത്ത് കമ്പ്യൂട്ടര്‍ പഠിക്കാന്‍ തുടങ്ങി. പതിയെ വിവിധതരം ബിസിനസ്സുകളെക്കുറിച്ചും അതിലേക്കെത്താനുള്ള വിജയ വഴികളെക്കുറിച്ചുമൊക്കെ പലയിടങ്ങളില്‍ നിന്നും പഠിച്ചു.
മുനിസിപാലിറ്റി അധികൃതരുടെ പെരുമാറ്റത്തില്‍ മനംമടുത്താണ് ഒരു ചെറിയ മുറിയില്‍ കച്ചവടം ആരംഭിക്കാന്‍ പ്രേം തീരുമാനിക്കുന്നത്. 1997ല്‍ ചെറിയൊരു മുറിയും സ്ഥലവും പാട്ടത്തിനെടുത്ത് തന്റെ ദോശവില്‍പന അങ്ങോട്ടേക്കു മാറ്റി. അങ്ങനെ പ്രേം സാഗര്‍ ദോശ പ്ലാസ എന്ന പേരില്‍ അവിടെ ദോശ വില്‍പനയും ആരംഭിച്ചു. രണ്ടു ജോലിക്കാരെയും പ്രേം കൂടെവച്ചു, അന്ന് ആ സ്ഥലത്തിനു മാത്രം െകാടുക്കേണ്ടിയിരുന്ന വാടക അയ്യായിരമായിരുന്നു. ദോശ പ്ലാസ എന്ന പേരു നല്‍കിയതിനു പിന്നിലും ഒരു കാരണമുണ്ട്. കാരണം മറ്റെങ്ങും കിട്ടാത്ത വിധത്തിലുള്ള ഇരുപത്തിയാറോളം വ്യത്യസ്ത വിധത്തിലുള്ള ദോശകളാണ് പ്രേം ഒരുക്കിയിരുന്നത്. ഷെഷ്‌വാന്‍ ദോശ, പനീര്‍ ചില്ലി, സ്പ്രിങ് റോള്‍ ദോശ എന്നിങ്ങനെ അതിന്റെ പട്ടികയും നീളും. അങ്ങനെ പ്രേമിന്റെ ദോശവില്‍പന പ്രചാരമേറി തുടങ്ങി. ആയിരവും പതിനായിരവും കടന്ന് മാസവരുമാനം ലക്ഷത്തിലേക്കെത്തി.
2002 ആയപ്പോഴേക്കും നൂറ്റിയഞ്ചോളം വിധത്തിലുള്ള ദോശകള്‍ ഉണ്ടാക്കാന്‍ പ്രാപ്തമായിരുന്നു പ്രേമിന്റെ ദോശ പ്ലാസ. ഇതായിരുന്നു പിന്നീടങ്ങോട്ട് വഴിത്തിരിവായതും. പതിയെ പ്രേം സാഗറിന്റെ വരുമാനവും വര്‍ധിച്ചു തുടങ്ങി. അതിനിടയ്ക്കാണ് ഒരു ഭാഗ്യവും ജീവിതത്തില്‍ സംഭവിക്കുന്നത്. സമീപത്തു തന്നെ വന്ന മാളില്‍ ദോശ പ്ലാസയുടെ ഔട്ട്‌ലെറ്റ് ഇടാനുള്ള അനുവാദമായിരുന്നു അത്. തുടക്കത്തില്‍ പല മാളുകളിലും തന്റെ ഔട്ട്‌ലെറ്റ് ഇടാനുള്ള അനുവാദവും യാചിച്ചു നടന്ന പ്രേമിനെ സംബന്ധിച്ചിടത്തോളം അതൊരു അനുഗ്രഹമായിരുന്നു. ഇത് പ്രേമിന്റെ ജീവിതത്തെ തന്നെ മാറ്റിമറിച്ചു. പിന്നീടങ്ങോട്ട് കണ്ണടച്ചു തുറക്കും വേഗത്തിലായിരുന്നു പ്രേമിന്റെ വളര്‍ച്ച.ഇന്ത്യയിലുടനീളം നാല്‍പത്തിയഞ്ചോളം ഔട്ട്‌ലെറ്റുകളും യുഎഇ, ഒമാന്‍, ന്യൂസിലാന്‍ഡ് എന്നീ രാജ്യങ്ങളിലായി ഏഴില്‍പരം അന്താരാഷ്ട്ര ഔട്ട്‌ലെറ്റുകളും പ്രേം തുറന്നു. ഇന്ന് തമിഴ്‌നാടിനകത്തു നിന്നു മാത്രമല്ല രാജ്യത്തിനു പുറത്തുപോലും പ്രേമിന്റെ ദോശയ്ക്ക് ആരാധകരേറെയാണ്.
പണമില്ലാത്തതിന്റെ പേരില്‍ ബിസിനസ് മോഹം ഉപേക്ഷിക്കുന്നവര്‍ക്ക് പ്രത്യാശയുടെ വെളിച്ചമാണ് പ്രേം. പ്രതിബന്ധങ്ങളെ തരണം ചെയ്തു മുമ്പോട്ടു പോകാനുള്ള മനസുണ്ടെങ്കിലും വിജയം കൈപ്പിടിയിലൊതുക്കാം എന്നതിന് ഉത്തമ ഉദാഹരണമാണ് പ്രേമിന്റെ ജീവിതം. ഭാഷയറിയില്ലെന്ന പേരു പറഞ്ഞോ പണം മോഷ്ടിക്കപ്പെട്ടുവെന്ന പേരു പറഞ്ഞോ ജോലി ലഭിച്ചില്ലെന്ന പേരു പറഞ്ഞോ ഒക്കെ പ്രേമിനു തിരികെ നാട്ടിലേക്കു തിരിക്കാമായിരുന്നു. പക്ഷേ ലക്ഷ്യം കൈവരിച്ചു മാത്രമേ ഇനി തിരികെ പോകൂ എന്ന നിശ്ചയ ദാര്‍ഢ്യമാണ് പ്രേമിനെ ഉയരങ്ങളിലേക്ക് നയിച്ചത്.