മുളങ്കുന്നത്തുകാവ്: കേടുവന്നിട്ട് ഒരുമാസം പിന്നിട്ടിട്ടും മെഡിക്കൽകോളജ് ആശുപത്രിയിലെ ട്രാൻസ്ഫോർമർ ശരിയാക്കിയില്ല. ജനറേറ്റർ പ്രവർത്തിപ്പിക്കൽ, വാടക ഇനങ്ങളിൽ വൻതുകയാണ് മെഡിക്കൽകോളജിന് പ്രതിദിനം നഷ്ടം.
ആശുപത്രിയിലേക്കുള്ള വൈദ്യുതി ബന്ധം നഷ്ടപ്പെട്ടതിനെ തുടർന്ന് രാവും പകലും ജനറേറ്ററൽ പ്രവർത്തിപ്പിച്ചാണ് ആശുപത്രിയ്ക്ക് ആവശ്യമായ വൈദ്യുതി എത്തിക്കുന്നത്. ഒരു ദിവസം 30000 രൂപയുടെ ഡീസലാണ് ഇതിനു വേണ്ടിവരുന്നത്. ജനറേറ്ററിന്റെ ദിവസവാടക വേറെയും വരും. മൂന്ന് ആഴ്ചയ്ക്കുള്ളിൽ ട്രാൻസ്ഫോർമറിന്റെ തകരാർ പരിഹരിക്കുമെന്നാണ് വൈദ്യുതി വിഭാഗം അധികൃതർ പറഞ്ഞിരുന്നത്. ഇപ്പോൾ അഞ്ച് ആഴ്ച കഴിഞ്ഞു.
ഇനി ഒരു ആഴ്ച കൂടി നീട്ടിആവശ്യപ്പെട്ടിരിക്കുകയാണ്. മൂവാറ്റുപുഴയിലെ പവർമെൻസിലാണ് ട്രാൻസ്ഫോർമറിന്റെ റീവൈന്റിംഗ് പ്രവൃത്തികൾ നടുക്കുന്നത്. അവരുടെ തന്നെ വലിയ ജനറേറ്ററാണ് വാടകയ്ക്ക് മെഡിക്കൽകോളജിൽ ഇപ്പോൾ പ്രവർത്തിപ്പിക്കുന്നത്. ഇത് പ്രവർത്തിച്ചാലും ഇല്ലെങ്കിലും ദിവസവും വൻതുക വാടക ഈ കന്പനിയക്ക് നൽകണം. ആശുപത്രിയിലേക്കുള്ള വൈദ്യുതി ബന്ധം പുനസ്ഥാപിക്കൽ പ്രവൃത്തികൾ വേഗത്തിലാക്കുവാനുള്ള നടപടികൾ ഗൗരവമായ രീതിയിൽ കൈകാര്യം ചെയ്യുന്നില്ലെന്നാണ് ആക്ഷേപം.
പാവപ്പെട്ട രോഗികൾക്ക് സൗജന്യനിരക്കിൽ മരുന്നുകൾ നല്കാനുള്ള തുകയാണ് ഡീസലിനും ജനറേറ്ററിനും വേണ്ടി ചെലവഴിക്കുന്നത്. വൈദ്യുതി ബന്ധം നിലച്ചതുകൊണ്ട് എം.ആർ.ഐ സ്കാൻ എടുക്കുന്നത് തടസപ്പെട്ടെങ്കിലും രണ്ട് മിനി ജനററ്റേറുകൾ ഉപയോഗിച്ചാണ് അത് പ്രവർത്തിപ്പിക്കുന്നത്.
എം.ആർ.ഐ സ്കാൻ മെഡിക്കൽ കോളജിന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ അല്ലാത്തതുകൊണ്ട് അവർ തന്നെയാണ് മിനി ജനററ്ററിന്റെ വാടക നൽകുന്നത്. ഇതുവരെ മെഡിക്കൽകോളജിന്റെ ട്രാൻസ്ഫോർമറിൽ നിന്നാണ് ഇവർക്ക് ആവശ്യമായ വൈദ്യുതി നൽകിവന്നിരുന്നത്.