മാഹി: പന്തക്കൽ പന്തോക്കാട്ടിലെ ഓട്ടോസ്റ്റാൻഡിനും ബസ് സ്റ്റോപ്പിനും സമീപത്തെ പാതയോരത്തെ ട്രാൻസ്ഫോർമർ യുണിറ്റിന് ചുറ്റുവേലി നിർമിക്കാത്തതിൽ അപകടം പതിയിരിക്കുന്നു. ഇതിനു സമീപം മാഹി ഭാഗത്തേക്ക് പോകേണ്ട യാത്രക്കർ ബസ് സ്റ്റോപ്പിൽ നിൽക്കുന്നത് ഭീതിയോടെയാണ്.
ട്രാൻസ്ഫോർമറിൽ നിന്ന് ഫ്യുസിലേക്ക് കണക്റ്റ് ചെയ്ത കേബിളുകളിലെ പ്ലാസ്റ്റിക്ക് കോട്ടുകൾ ഉരുകി കമ്പികൾ പുറത്തായ നിലയിലാണ്. ചില സന്ദർഭങ്ങളിൽ ചുട്ടുപഴുത്ത കമ്പികൾ കൂട്ടിമുട്ടി തീപ്പൊരി പാറും. പാതയോരത്തെ ഓട്ടോസ്റ്റാൻഡിലെ ഡ്രൈവർമാരും അപകടഭീഷണി നേരിടുകയാണ്. 20 ഓട്ടോറിക്ഷകളാണ് ഇവിടെ പാർക്ക് ചെയ്യുന്നത്.
11 കെവി ഹൈടെൻഷൻ ലൈനിലെ വൈദ്യുതി വിതരണ ട്രാൻസ്ഫോമറാണിത്. മാഹി മേഖലയിലെ മിക്ക ട്രാൻസ്ഫോർമർ യൂണിറ്റിനും ചുറ്റുവേലി ഇല്ല. പന്തക്കൽ ഐ.കെ.കുമാരൻ ഗവ.ഹയർ സെക്കൻഡറി സ്കൂളിന് മുന്നിലെ പാതയോരത്തെ ഇത്തരം ട്രാൻസ്ഫോമർ യുണിറ്റിനും സുരക്ഷാവേലിയില്ല.
വിദ്യാർഥികൾ അടക്കമുള്ള ഇതിന്റെ ചുവട്ടിൽ കൂട്ടം കൂടി നിൽക്കുന്നതും അപകടം വിളിച്ചു വരുത്തുന്ന സ്ഥിതിയിലാണ്. പന്തക്കലിൽ മാഹി വൈദ്യുതി ബോർഡിന്റെ സാധനസാമഗ്രികൾ സൂക്ഷിക്കുവാൻ ഒരു മുറി പോലുമില്ല. മഴയെത്തും മുന്പ് അപകടഭീഷണിയുള്ള ഇത്തരം സ്ഥലങ്ങളിൽ കരുതൽ നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.