മണ്ണാർക്കാട്: ആശുപത്രിപടിയിലുള്ള ട്രാൻസ്ഫോർമറിന് ചുവട്ടിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ കൂട്ടിയിട്ടു കത്തിക്കുന്നത് അപകടഭീഷണിയായി. മണ്ണാർക്കാട് നഗരത്തിന്റെ ഹൃദയഭാഗമായ ആശുപത്രിപ്പടിയിലാണ് ഭീഷണി. നഗരമധ്യത്തിൽ ശുചീകരണ തൊഴിലാളികൾ മാലിന്യ സംസ്കരണ നടത്തുന്നതു പതിവാണ്.
ഇക്കാര്യത്തെക്കുറിച്ച്് അറിയാമെങ്കിലും അറിയാത്ത മട്ടിൽ നഗരസഭ അധികൃതരും തലകുനിക്കുകയാണ്.ട്രാൻസ്ഫോർമറുകൾക്ക് സമീപത്തെ ഇത്തരം പ്രവർത്തനം വലിയ അപകടവും നാശനഷ്ടവും ഉണ്ടാക്കുമെന്ന കഐസ്ഇബി മുന്നറിയിപ്പുകൾ അവഗണിച്ചാണ് ട്രാൻസ്ഫോർമറിന് ചുവട്ടിൽ മാലിന്യം കത്തിക്കുന്നത്.
നഗരത്തിലെ സഹൃദയ പബ്ലിക് ലൈബ്രറിക്കു മുന്നിലെ മാലിന്യത്തെക്കുറിച്ചും വ്യാപക പരാതിയാണ് ഉയരുന്നത്.
രണ്ട് ആരാധനാലയങ്ങൾ, സർക്കാർ ആശുപത്രി എന്നിവക്ക് സമീപത്തെ മാലിന്യക്കൂന്പാരം പകർച്ചവ്യാധി ഭീഷണി സൃഷ്ടിക്കുന്നു. സമീപവാസികളും ദൂരെയുള്ളവരും ഒരുപോലെ ഇവിടെ മാലിന്യം നിക്ഷേപിക്കുന്നു.
ഒരു സിസി കാമറ വച്ചാൽ തന്നെ ഒരുപരിധി വരെ ഇത് നിയന്ത്രിക്കാമെന്നിരിക്കെ നഗരസഭ ഇതിനുനേരെ കണ്ണടക്കുകയാണ്. മാലിന്യം സംസ്കരിക്കാൻ വേറെ വഴിയില്ലെന്ന പതിവ് പല്ലവിയുമായാണ് നഗരസഭ മുന്നോട്ടുപോകുന്നത്. അധികൃതരുടൈ അനാസ്ഥമൂലം നഗരത്തിൽ വലിയ മാലിന്യപ്രശ്നമാണ് ഉണ്ടാക്കുന്നത്.