വടക്കഞ്ചേരി: ട്രാൻസ്ഫോർമറുകൾക്ക് ചുറ്റും കന്പിവേലി കെട്ടി സംരക്ഷിക്കുന്ന കെഎസ്ഇബി യുടെ പ്രവൃത്തികൾ ഏറെ ശ്ലാഘനീയമാണെന്ന് വൈദ്യുതി ഉപഭോക്താക്കൾ. പലയിടത്തും അപകടകരമായ നിലയിലാണ് ട്രാൻസ്ഫോർമറുകൾ സ്ഥാപിച്ചിരുന്നത്.
പലപ്പോഴും ഇത് വലിയ അപകടങ്ങൾക്കും വഴിവെക്കാറുണ്ട്. ആൾ സഞ്ചാരമുള്ള സ്ഥലങ്ങളിലേയും സ്കൂളുകൾ, ആരാധനാലയങ്ങൾ മറ്റു ജന തിരക്കുള്ള സ്ഥലങ്ങൾ എന്നിവിടങ്ങളിലെ ട്രാൻസ്ഫോർമറുകൾക്കു ചുറ്റുമാണ് ഇപ്പോൾ മുൻഗണന നൽകി തറ കെട്ടി അതിനു മുകളിൽ കനത്തിലും ഉറപ്പേറിയതുമായ ഇരുന്പ് വേലി സ്ഥാപിക്കുന്നതെന്ന് അധികൃതർ പറഞ്ഞു.
വൈകാതെ തന്നെ എല്ലാ ട്രാൻസ്ഫോർമറുകൾക്കു ചുറ്റും ഇത്തരം വേലി സ്ഥാപിക്കുമെന്നും കഐസ്ഇബി അധികൃതർ അറിയിച്ചു. പാലക്കാട് സർക്കിൾ ഓഫീസിലാണ് ഇതിനുള്ള ടെൻഡർ നടപടികൾ നടത്തുന്നത്. പിന്നീട് അളവ് എടുത്താണ് ചുറ്റുവേലി നിർമ്മിക്കുന്നത്.
സംസ്ഥാനത്ത് എല്ലായിടത്തും തന്നെ ഈ പ്രവൃത്തി നടന്നു വരികയാണ്. വലിയ പണ ചെലവുള്ള പ്രവൃത്തിയാണെങ്കിലും സുരക്ഷക്ക് പ്രാധാന്യം നൽകി ചെയ്യുന്ന വേലി നിർമ്മാണത്തെ ഏറെ നല്ല കാര്യമായാണ് ജനങ്ങൾ കാണുന്നത്.