ഏറെ നാളത്തെ കാത്തിരുപ്പിനൊടുവില്‍ കൊച്ചി മെട്രോ റെയില്‍ പ്രധാനമന്ത്രി കേരളത്തിന് സമര്‍പ്പിച്ചു. വികസനത്തിന്റെ കാര്യത്തില്‍ പേര് കേട്ടിട്ടുള്ള കേരളത്തിന്റെ ശിരസ്സിലേയ്ക്ക് മറ്റൊരു പൊന്‍തൂവല്‍ കൂടിയായി, കൊച്ചി മെട്രോ. മെട്രോയ്ക്കൊപ്പം കേരളത്തിന്റെ ചരിത്രത്തില്‍ തന്നെ ഇടം നേടിയ വാര്‍ത്തയാണ് ഭിന്നലിംഗക്കാര്‍ക്ക് തൊഴില്‍ നല്കിയ കേരളത്തിന്റെ ചരിത്രപരമായ തീരുമാനവും. പുതുതായി മെട്രോയില്‍ ജോലിക്ക് നിയോഗിക്കപ്പെട്ടവരില്‍ 23 ഭിന്നലിംഗക്കാരാണ് ഉള്‍പ്പെട്ടിട്ടുള്ളത്. പൊതുമേഖല സ്ഥാപനത്തില്‍ ഭിന്നലിംഗക്കാര്‍ക്ക് ജോലി നല്കിയ രാജ്യത്തെ ആദ്യ സംസ്ഥാനമെന്ന റെക്കോര്‍ഡും ഇനി കേരളത്തിന് സ്വന്തം. സമൂഹത്തില്‍നിന്ന് ആട്ടി അകറ്റപ്പെട്ട് ഭിക്ഷാടനവും ലൈംഗിക തൊഴിലും സ്വീകരിക്കാന്‍ നിര്‍ബ്ബന്ധിതരായിരുന്ന സാഹചര്യത്തില്‍ നിന്ന് ഭിന്നലിംഗക്കാരെ കൈപിടിച്ച് ഉയര്‍ത്തുന്ന സംസ്ഥാന സര്‍ക്കാര്‍ നീക്കത്തെ അന്താരാഷ്ട്ര മാധ്യമങ്ങള്‍ വരെ വാനോളം പുകഴ്ത്തുയുണ്ടായി.
ഇപ്പോഴിതാ കൊച്ചി മെട്രോയിലെ ട്രാന്സ്ജെന്റര് ജീവനക്കാര്‍ക്ക് വേണ്ടി സര്‍ക്കാരിറക്കിയ പരസ്യവും ശ്രദ്ധേയമാവുകയാണ്. ട്രാന്‍സ്ജെന്റേഴ്സ് ജീവനക്കാരെ കാണുമ്പോള്‍ അത്ഭുതത്തോടെ നോക്കുന്നവരോടുള്ള ഉപദേശമായാണ് വീഡിയോ പുറത്തിറങ്ങിയിരിക്കുന്നത്. അത്ഭുതം തോന്നുന്നത് സ്വാഭാവികമാണെന്നും പക്ഷേ സഹതാപത്തോടെയും വെറുപ്പോടെയും നോക്കരുതെന്നുമാണ് വീഡിയോയില്‍ പ്രത്യേകം പറയുന്നത്. മറ്റാരെയും നോക്കുന്നത് പോലെ തങ്ങളെയും നോക്കാമെന്നും പക്ഷേ വീണ്ടും ഒരിക്കല്‍ കൂടി അതേ അത്ഭുതത്തോടെ നോക്കരുതെന്നും വീഡിയോയിലൂടെ ആളുകളെ ഓര്‍മ്മിപ്പിക്കുന്നു. കൊച്ചി മെട്രോയില്‍ ജോലി ലഭിച്ച ട്രാന്‍സ്ജെന്റേഴ്സ് തന്നെയാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. സംസ്ഥാന പബ്ലിക് റിലേഷന്‍ വകുപ്പാണ് വീഡിയോ പുറത്തിറക്കിയത്. ഏതായാലും ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തോടുള്ള ആളുകളുടെ മനോഭാവത്തില്‍ മാറ്റം വരുത്താന്‍ കൊച്ചി മെട്രോയിലെ അവരുടെ സാന്നിധ്യം കൊണ്ട് സാധിക്കും എന്നാണ് കരുതപ്പെടുന്നത്.