കോയന്പത്തൂർ: പോലീസുകാരുടെ നിരന്തരമായ ഭീഷണിയെ തുടർന്ന് ഈറോഡിൽ ദയാവധം നടത്താൻ അനുവാദം നല്‍കണമെന്നാവശ്യപ്പെട്ട് ട്രാൻസ്ജെൻഡറുകൾ കളക്ടർക്ക് അപേക്ഷ നല്കി. ഈറോഡ് വീരപ്പൻഛത്രം ഓവിയ (29), അനു (24) എന്നിവരാണ് അപേക്ഷ നല്‍കിയത്.
മേയ് 28ന് രാത്രി സത്യമംഗലത്ത് ഒരു പ്രോഗ്രാമിൽ പങ്കെടുത്ത് ഇരുവരും രാത്രി വീട്ടിലേക്കു വരുന്നതിനിടെ വീരപ്പൻഛത്രത്തിൽ വഴിതടഞ്ഞ മൂന്നുപേർ ഇവരുടെ ഫോണുകളും മറ്റും കവർന്നു. ഇതേപ്പറ്റി പോലീസിൽ പരാതി നല്കാനെത്തിയപ്പോൾ മോശമായി സംസാരിക്കുകയും അപമാനിച്ച് തിരിച്ചയയ്ക്കുകയുമായിരുന്നു.
ഇതിൽ മനംനൊന്ത് വനിതാ പോലീസ് സ്റ്റേഷനുമുന്നിൽ ആത്മഹത്യാശ്രമം നടത്തിയതിനെതുടർന്ന് ടൗണ്‍ പോലീസ് ഇവർക്കെതിരേ ആത്മഹത്യാശ്രമത്തിനു കേസെടുത്തു. ഗുണ്ടാആക്ട് ചുമത്തി ജയിലിൽ അടയ്ക്കുമെന്നും തുടർന്നും ഭീഷണിപ്പെടുത്തൽ ശല്യം അസഹനീയമായതിനാൽ തങ്ങളെ ദയാവധം ചെയ്തുതരണമെന്നും ആവശ്യപ്പെട്ടാണ് ഇരുവരും ഈറോഡ് കളക്ടർ പ്രഭാകരന് അപേക്ഷ നല്‍കിയത്.