ചെന്നൈ: യുവതിയെ ജീവനോടെ കത്തിച്ച് കൊലപ്പെടുത്തിയ ട്രാൻസ്ജെൻഡർ അറസ്റ്റിൽ. മധുര സ്വദേശിനിയായ ആർ.നന്ദിനിയെന്ന 27 കാരിയെ കൊലപ്പെടുത്തിയ കേസിൽ മഹേശ്വരിയെന്ന വെട്രിമാരൻ (26) ആണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. നന്ദിനി പ്രണയബന്ധത്തിൽ നിന്നും പിന്മാറിയതാണ് കൊലപാതകത്തിന് കാരണം. ശനിയാഴ്ച വൈകിട്ടോടെ തലമ്പൂരിനടുത്ത് പൊൻമാറിലെ ആളൊഴിഞ്ഞ പ്രദേശത്തുവെച്ചാണ് കൊലപാതകം നടന്നത്.
കൈകാലുകൾ ചങ്ങലകൊണ്ട് ബന്ധിച്ച ശേഷമാണ് അതിക്രൂരമായി പ്രതി നന്ദിനിയെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. രണ്ട് കൈകളിലും കാലുകളിലും കഴുത്തിലും ബ്ലെയ്ഡ് ഉപയോഗിച്ച് ആഴത്തിൽ മുറിവേൽപ്പിച്ചതിന് പിന്നാലെ പ്രതി നന്ദിനിയെ ജീവനോടെ കത്തിച്ചു. നന്ദിനിയെ ഗുരുതരമായി പൊള്ളലേറ്റ നിലയിൽ ശനിയാഴ്ച രാത്രിയാണ് ആളൊഴിഞ്ഞ പ്രദേശത്ത് നിന്നും പരിസരവാസികൾ കണ്ടെത്തുന്നത്. ആശുപത്രിയിൽ ഉടൻ തന്നെ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
മധുരയിൽ ഒരേ സ്കൂളിലാണ് മഹേശ്വരിയും നന്ദിനിയും പഠിച്ചിരുന്നത്. ഇവർ തമ്മിൽ അടുത്ത സൗഹൃദത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. നന്ദിനി തുടർ പഠനത്തിനായി സ്കൂൾ മാറി മറ്റൊരിടത്തേക്ക് പോയി. ഇതിനിടെയാണ് മഹേശ്വരി ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി വെട്രിമാരാനായി മാറിയത്. ഒരേ ഐടി സ്ഥാപനത്തിൽ കഴിഞ്ഞ 8 മാസമായി ഇരുവരും ജോലി ചെയ്യുകയായിരുന്നു. എന്നാൽ കുറച്ചു നാളുകളായി ഇവർ തമ്മിൽ വഴക്കുകളുണ്ടായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. മറ്റ് പുരുഷ സുഹൃത്തുക്കളുമായി നന്ദിനി സംസാരിക്കുന്നതിൽ വെട്രിമാരൻ എതിർത്തിരുന്നു.
എന്നാൽ നന്ദിനി കുറച്ച് നാളായി വെട്രിമാരനുമായി സംസാരിച്ചിരുന്നില്ല. ഇതിനിടെ നന്ദിനിയെ മറ്റൊരു യുവാവിനൊപ്പം ഇയാള് കണ്ടു. ഇതോടെയാണ് നന്ദിനിയെ കൊലപ്പെടുത്താൻ പ്രതി തീരുമാനിച്ചത്. നന്ദിനിയുടെ ജന്മദിനത്തിന് തലേന്ന് ഒരിക്കൽ കൂടി കാണാമെന്നും സർപ്രൈസ് സമ്മാനമുണ്ടെന്നും പറഞ്ഞ് വെട്രിമാരൻ ആളൊഴിഞ്ഞ പ്രദേശത്തേക്ക് നന്ദിനിയെ വിളിച്ചു.
തന്ത്രപരമായി സമ്മാനം നൽകാനെന്ന വ്യാജേന നന്ദിനിയുടെ കൈകൾ കെട്ടിയ ശേഷം പ്രതി യുവതിയെ കൊലപ്പടുത്തിയതാകാമെന്നാണ് പോലീസ് നിഗമനം. സംഭവത്തിൽ അന്വേഷണം നടന്നു വരികയാണെന്നും പോലീസ് വ്യക്തമാക്കി.