കൊച്ചി: 15 ലക്ഷത്തിന്റെ മയക്കുമരുന്നുമായി ട്രാന്‍സ്ജെന്‍ഡറും സുഹൃത്തും പിടിയിലായ കേസില്‍ പ്രതികളെ അടുത്തയാഴ്ച എക്സൈസ് കസ്റ്റഡിയില്‍ വാങ്ങും. കേസുമായി ബന്ധപ്പെട്ട് മട്ടാഞ്ചേരി സ്വദേശി പി.എ. ഇസ്തിയാഖ് (26), ട്രാന്‍സ്ജെന്‍ഡറായ ഇടപ്പള്ളി നോര്‍ത്ത് കൂനംതൈ സ്വദേശി അഹാന (26) എന്നിവരാണ് എക്സൈസിന്റെ പിടിയിലായത്.
രഹസ്യവിവരത്തെത്തുടര്‍ന്ന് കാക്കനാട് പടമുകള്‍ സാറ്റ്ലൈറ്റ് ജംഗ്ഷനു സമീപത്തെ അപ്പാര്‍ട്ട്മെന്റില്‍ നിന്നാണ് ഇരുവരും പിടിയിലായത്.
ഇവരുടെ പക്കല്‍നിന്നു വിപണിയില്‍ 15 ലക്ഷത്തോളം രൂപ മതിപ്പു വിലവരുന്ന 194 ഗ്രാം എംഡിഎംഎ, മയക്കു മരുന്ന് വില്പനയിലൂടെ ലഭിച്ച 9,000 രൂപ, മയക്കുമരുന്ന് തൂക്കി നോക്കാന്‍ ഉപയോഗിച്ചിരുന്ന ഡിജിറ്റല്‍ ത്രാസ്, ഒരു ഐ ഫോണ്‍, മൂന്ന് സ്മാര്‍ട്ട് ഫോണ്‍ എന്നിവയും എക്സൈസ് സംഘം കസ്റ്റഡിയില്‍ എടുത്തു.
“നിശാന്തതയുടെ കാവല്ക്കാര്’ എന്ന പേരില്‍ സമൂഹ മാധ്യമത്തില്‍ പ്രത്യേക ഗ്രൂപ്പ് ഉണ്ടാക്കിയായിരുന്നു വില്പന.
ഇവര്‍ക്ക് മയക്കുമരുന്ന് എത്തിച്ചു നല്‍കിയിരുന്നത് കൊച്ചി കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചുവരുന്ന മയക്കുമരുന്ന് ശ്യംഖലയില്‍പ്പെട്ട “മസ്താന്’ എന്ന് വിളിപ്പേരുള്ള ആളാണ്. ഇയാളെ കണ്ടെത്തുന്നതിനായി എക്സൈസ് സംഘം അന്വേഷണം ആരംഭിച്ചു. തമിഴ്നാട് സ്വദേശിയുടെ പേരിലെടുത്തിട്ടുള്ള ഇയാളുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫാണ്. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വന്‍ തോതില്‍ മയക്കുമരുന്ന് കൊച്ചിയിലെത്തിച്ച് വില്പന നടത്തിയിരുന്നത് മസ്താനായിരുന്നു. ഉപയോക്താക്കള്‍ക്കിടയില്‍ പിടിയിലായവര്‍ “പറവ’എന്നാണ് അറിയപ്പെട്ടിരുന്നത്.