കൊല്‍ക്കത്ത: ഇന്ത്യയിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ കോളേജ് പ്രിന്‍സിപ്പള്‍ എന്ന ബഹുമതി സ്വന്തമാക്കിയ ഡോ.മനാബി ബന്തോപാധ്യായ രാജിവെച്ചു. ഒരു വിഭാഗം വിദ്യാര്‍ത്ഥികളുടേയും അധ്യാപകരുടേയും മറ്റ് സഹപ്രവര്‍ത്തകരുടേയും നിസ്സഹകരണത്തില്‍ മനംനൊന്താണ് രാജി. 2015 ജൂണ്‍ ഒമ്പതിനാണ് കൃഷ്ണനഗര്‍ വനിത കോളേജിലെ പ്രിന്‍സിപ്പളായി മനാബി ചുമതലയേല്‍ക്കുന്നത്. ഇതോടെ മൂന്നാംലിംഗക്കാരിയായ ആദ്യ കോളേജ് പ്രിന്‍സിപ്പള്‍ എന്ന ബഹുമതിയും മനാബിയെ തേടിയെത്തി. നദിയ ജില്ലാ മജിസ്‌ട്രേറ്റ് സുമിത് ഗുപ്തക്കാണ് മനാബി രാജിക്കത്ത് കൈമാറിയത്. ഡിസംബര്‍ 27ന് ലഭിച്ച രാജിക്കത്ത് സംസ്ഥാന ഹയര്‍ എജ്യുക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിന് കൈമാറിയതായി സുമിത് ഗുപ്ത വ്യക്തമാക്കി.
ചുമതലയേറ്റ അന്നു മുതല്‍ ഒരു വിഭാഗം ജീവനക്കാരും അധ്യാപകരും വിദ്യാര്‍ത്ഥികളും തന്നോട് സഹകരിക്കാന്‍ വൈമനസ്യം കാട്ടുകയായിരുന്നുവെന്നും ഇതു തന്നെ ദുഖിപ്പിച്ചെന്നും മനാവി പറയുന്നു. എന്റെ സഹപ്രവര്‍ത്തകരെല്ലാം എനിക്ക് എതിരായിരുന്നു. കുറേ വിദ്യാര്‍ത്ഥികളും എനിക്കെതിരായി. കോളേജില്‍ അച്ചടക്കം പുനസ്ഥാപിക്കാനും പഠനാന്തരീക്ഷമുണ്ടാക്കാനും ഞാന്‍ നിരന്തരം ശ്രമിച്ചു. ഇതായിരിക്കും അവര്‍ എനിക്ക് എതിരെ തിരിയാനുണ്ടായ കാരണം. പ്രദേശിക ഭരണകൂടത്തില്‍ നിന്നുണ്ടായ സഹകരണം സഹപ്രവര്‍ത്തകരില്‍ നിന്നോ വിദ്യാര്‍കളില്‍ നിന്നോ ഉണ്ടായില്ലെന്നും മനാവി പറഞ്ഞു.