കോഴിക്കോട്: പഠനത്തിനായി വാടകവീട്ടിൽ താമസിക്കുന്നത് ട്രാൻസ്ജെൻഡർ വിദ്യാർഥിയാണെന്ന് അറിഞ്ഞതോടെ വീട്ടുടമ അക്കൗണ്ട് നന്പർ നൽകാൻ വിസമ്മതിച്ചു.
സർക്കാർ നൽകുന്ന ഹോസ്റ്റൽ ഫീസ് വിദ്യാർഥിക്കു നിഷേധിക്കപ്പെടുന്ന അവസ്ഥ വന്നതോടെ നിലവിലുള്ള ചട്ടങ്ങൾക്കു വിരുദ്ധമായി സാമൂഹിക നീതി വകുപ്പ് അധികൃതർ ട്രാൻസ്ജെൻഡർ വിദ്യാർഥിയുടെ അക്കൗണ്ടിലേക്കു നേരിട്ടു ധനസഹായം അനുവദിച്ചു.
വിദ്യാർഥിയുടെ പഠനം മുടങ്ങാതിരിക്കാൻ അധികൃതർ സ്വീകരിച്ച നടപടിക്ക് ഒടുവിൽ സർക്കാർ സാധൂകരണവും നൽകി. എറണാകുളം മഹാരാജാസ് കോളജിലെ ബിഎ പൊളിറ്റിക്കൽ സയൻസ് വിദ്യാർഥിക്കാണ് കടുത്ത വിവേചനം നേരിടേണ്ടി വന്നത്.
സർക്കാർ, എയ്ഡഡ്, സെൽഫ് ഫിനാൻസിംഗ് വിദ്യാലയങ്ങളിൽ ഏഴാം ക്ലാസ് മുതൽ പഠിക്കുന്ന ട്രാൻസ്ജെൻഡർ വിദ്യാർഥികൾക്കു പഠനസഹായമായി സർക്കാർ പ്രതിമാസം 4000 രൂപ വീതം ഹോസ്റ്റൽ ഫീസ് അനുവദിക്കുന്നുണ്ട്. സർക്കാർ മാനദണ്ഡപ്രകാരം ട്രാൻസ്ജെൻഡർ വിദ്യാർഥി വാടകയ്ക്ക് താമസിക്കുന്ന കെട്ടിടത്തിന്റെ ഉടമയുടെ അക്കൗണ്ടിലേക്കാണ് ധനസഹായം നൽകേണ്ടത്.
എന്നാൽ ട്രാൻസ്ജെൻഡർ വിദ്യാർഥിയായതിനാൽ അക്കൗണ്ട് നന്പർ നൽകില്ലെന്ന നിലപാടാണ് കെട്ടിട ഉടമ സ്വീകരിച്ചത്. ഇക്കാര്യം ചൂണ്ടിക്കാട്ടി, ധനസഹായം തനിക്കു നേരിട്ടു അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർഥി സാമൂഹ്യനീതി വകുപ്പ് ഡയറക്ടർക്ക് നൽകിയ അപേക്ഷ പരിഗണിച്ചാണ് നേരിട്ടു തുക കൈമാറിയത്.
ഹോസ്റ്റൽ ഫീസ് ലഭിച്ചില്ലെങ്കിൽ പഠനം മുടങ്ങുമെന്ന അവസ്ഥ വന്നപ്പോഴാണ് തുക നേരിട്ടു നൽകിയതെന്ന സാമൂഹ്യനീതി വകുപ്പ് ഡയറക്ടറുടെ വിശദീകരണം സർക്കാർ അംഗീകരിക്കുകയായിരുന്നു.