ട്രാന്‍സ്ജെന്‍ഡര്‍ ആയതിന്റെ പേരില്‍ അവഗണനകള്‍ നേരിടുന്ന ധാരാളം മനുഷ്യര്‍ നമ്മുടെ ഇടയിലുണ്ട്. ഇത്തരത്തില്‍ തനിക്കുണ്ടായ അനുഭവങ്ങള്‍ തുറന്നു പറയുകയാണ് വിജയരാജ മല്ലിക.
ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലാ തൃശ്ശൂര്‍ പ്രാദേശിക കേന്ദ്രം മലയാള വിഭാഗത്തിന്റെയും വനിതാസാഹിതി ജില്ലാക്കമ്മറ്റിയുടെയും നേതൃത്വത്തില്‍ സംഘടിപ്പിച്ച സര്‍ഗസംവാദം സര്‍ഗമല്ലികയില്‍ വിദ്യാര്‍ഥികളുമായി സംവദിക്കുമ്പോഴാണ് ജീവിതത്തില്‍ താന്‍ നേരിട്ട അവഗണനകളെക്കുറിച്ച് അവര്‍ തുറന്നു പറഞ്ഞത്.
”ആണും പെണ്ണും കെട്ട ജീവിതം മല്ലികയ്ക്ക് മടുത്തില്ലേ? പോയി ചത്തുകൂടെ എന്ന് ഒരുപാടുപേര്‍ എന്നോട് ചോദിച്ചിട്ടുണ്ട്. മുപ്പത്തിരണ്ടാമത്തെ വയസ്സിലാണ് ഞാനൊരു ഇന്റര്‍സെക്സ് ആണെന്ന് തിരിച്ചറിയുന്നത്. ഞാന്‍ തളര്‍ന്നില്ല, എല്ലാവര്‍ക്കും അന്ന് മധുരംവാങ്ങിക്കൊടുത്തു, ജീവിതത്തിലെ പ്രചണ്ഡമായ ഒരു മുഹൂര്‍ത്തം എന്നുപറയാനാണ് ആഗ്രഹിക്കുന്നത്. അന്ന് തളര്‍ന്നുപോയെങ്കില്‍ ഇതുപോലെ സംസാരിക്കാന്‍ എനിക്കു കഴിയുമായിരുന്നില്ല. ഒരു മനുഷ്യനാണെന്ന് തിരിച്ചറിഞ്ഞു കൊണ്ടാണ് ഞാന്‍ ഇന്നും ജീവിക്കുന്നത്. മല്ലിക പറയുന്നു.
സ്നേഹവും വിശ്വാസവും നഷ്ടപ്പെടുമ്പോഴാണ് ഒരു മനുഷ്യന്‍ ആത്മഹത്യക്ക് ശ്രമിക്കുന്നത്. അകാരണമായ ഭയത്തെ ഒഴിവാക്കണം. നിസ്സാര കാര്യങ്ങള്‍ക്കു വേണ്ടി ആത്മഹത്യചെയ്യുന്നവരോട് ഒന്നേ പറയാനുള്ളൂ, അതിനുമുമ്പ് നിങ്ങള്‍ ഞങ്ങളുടെ ജീവിതത്തിലേക്ക് ഒന്നു തിരിഞ്ഞു നോക്കണം, ഒറ്റപ്പെടലുകളും വേദനകളും ഞങ്ങളോളം സഹിച്ചവരുണ്ടാകില്ല. വിജയരാജ മല്ലിക പറയുന്നു.
നിങ്ങള്‍ ട്രാന്‍സ്‌ജെന്‍ഡറാണോ ?.’ ജെന്‍ഡറും പേരുമൊക്കെ മാറ്റാനായി തൃശ്ശൂരിലെ ഓഫീസിലെത്തിയപ്പോള്‍ അവിടെയുള്ള ഉദ്യോഗസ്ഥന്റെ ചോദ്യം. ഞാന്‍ അദ്ദേഹത്തോട് തിരിച്ചു ചോദിച്ചു ‘നിങ്ങള്‍ പുരുഷനാണോ’? സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ മൂന്നു വര്‍ഷമെടുത്തെന്നും മല്ലിക വ്യക്തമാക്കി. സമൂഹത്തിന്റെ കാഴ്ചപ്പാട് മാറേണ്ട സമയമായിരിക്കുന്നുവെന്നും അമ്മയെന്നു പറഞ്ഞാല്‍ നമ്മുടെ മനസ്സിലുള്ളത് സിനിമയില്‍ ഉണ്ണീ… എന്ന് വിളിച്ചു നടക്കുന്ന കവിയൂര്‍ പൊന്നമ്മയാണെന്നും മല്ലിക പറയുന്നു.
എന്നാല്‍ ഒട്ടേറെ കരുത്തുറ്റ അമ്മമാര്‍ നമുക്കു ചുറ്റുമുണ്ട്. കവിതകള്‍ പിറക്കുന്നത് അനുഭവങ്ങളില്‍ നിന്നാണ്. ട്രാന്‍സ്ജെന്‍ഡര്‍ കവിയെന്ന് അടയാളപ്പെടുത്താന്‍ കഴിഞ്ഞത് ആണുങ്ങള്‍ പറയാന്‍ അറച്ചതും പെണ്ണുങ്ങള്‍ പറയാന്‍ മറന്നതുമായ സത്യങ്ങള്‍ ലജ്ജയില്ലാതെ അവതരിപ്പിച്ചതിനാലാണ്” വിജയരാജമല്ലിക പറയുന്നു.