മിസ് ഇറ്റലി സൗന്ദര്യ മത്സരത്തില് പങ്കെടുക്കുന്നതില് നിന്ന് ട്രാന്സ്ജെന്ഡേഴ്സിന് വിലക്ക്.
അടുത്തിടെ നടന്ന ഒരു അഭിമുഖത്തിലാണ് സൗന്ദര്യ മത്സരത്തിന്റെ രക്ഷാധികാരിയായ പാട്രിസിയ മിരിഗ്ലിയാനി ഇതു വ്യക്തമാക്കിയത്.
സൗന്ദര്യ മത്സരത്തില് പങ്കെടുക്കുന്നവര് ജനനം കൊണ്ട് ഒരു സ്ത്രീയായിരിക്കണമെന്നും 84 വര്ഷമായി പിന്തുടരുന്ന മത്സരത്തിന്റെ പാരമ്പര്യം അങ്ങനെയാണെന്നും അവര് പറഞ്ഞു.
‘ഇതുവരെ ട്രാന്സ്ജെന്ഡേഴ്സിന് സൗന്ദര്യ മത്സരത്തില് പങ്കെടുക്കാന് ഞങ്ങള് അനുവാദം നല്കിയിട്ടില്ല. കാരണം മത്സരത്തില് പങ്കെടുക്കുന്നവര് ജനനം കൊണ്ട് സ്ത്രീകളായിരിക്കണം എന്ന് ഞാന് വിശ്വസിക്കുന്നു. എന്റെ മേല്നോട്ടത്തില് നടപടിക്രമങ്ങള് മുന്നോട്ട് പോകുന്നിടത്തോളം കാലം അതങ്ങനെ തന്നെയായിരിക്കും. ഇപ്പോള് അത് മാറ്റുന്നില്ല’. ഒരു അഭിമുഖത്തില് മിരിഗ്ലിയാനി പറഞ്ഞു.
ട്രാന്സ്ജെന്ഡേഴ്സിനെ സൗന്ദര്യമത്സരങ്ങളിലേക്ക് പ്രവേശിപ്പിക്കാന് തീരുമാനിക്കുന്ന ആളുകളോട് തനിക്ക് വിരോധമില്ലെന്നും മിരിഗ്ലിയാനി കൂട്ടിച്ചേര്ത്തു.
ട്രാന്സ്ജെന്ഡര് മോഡലായ റിക്കി വലേരി കൊല്ലെ മിസ് നെതര്ലന്ഡായി തിരഞ്ഞെടുക്കപ്പെട്ട് ആഴ്ചകള്ക്ക് ശേഷമാണ് മിസ് ഇറ്റലി മത്സരത്തില് ട്രാന്സ്ജെന്റര് കമ്യൂണിറ്റിയിലുള്ളവര്ക്ക് വിലക്കേര്പ്പെടുത്തുന്നത്.
മത്സരത്തില് കിരീടം നേടിയതിന് പിന്നാലെ റിക്കി വലേരി തനിക്ക് നേരെയുണ്ടായ വിദ്വേഷ കമന്റുകളെ പറ്റി സംസാരിച്ചിരുന്നു.
‘നെതര്ലന്ഡ്സില് ഞങ്ങള് ശരിക്കും അംഗീകരിക്കുന്നുവെന്ന് ഞാന് കരുതി, എന്നാല് വിദ്വേഷ കമന്റുകള് നമ്മുടെ സമൂഹത്തിന്റെ മറുവശം കാണിച്ചു തന്നു. അതൊരു ഉണര്ത്തലാണെന്നാണ് കരുതുന്നത്. പക്ഷേ, അതെല്ലാം ഞാന് അവഗണിക്കുന്നു. എന്റെ വഴിയില് വരുന്ന നല്ല കാര്യങ്ങളില് മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നു’.
ഇരുപത്തിരണ്ടുകാരിയായ മിസ് നെതര്ലന്ഡ്സ്, റിക്കി വലേരി കൊല്ലെ മിസ് യൂണിവേഴ്സ് മത്സരത്തില് വിജയിക്കുകയാണെങ്കില്, മത്സരത്തിന്റെ 94 വര്ഷത്തെ ചരിത്രത്തില് ഈ കിരീടം നേടുന്ന ആദ്യത്തെ ട്രാന്സ്ജെന്ഡര് വനിതയായി അവര് മാറും.