പത്തനംതിട്ട: ശബരിമലയിൽ എത്തിയ ട്രാൻസ് വനിതകളെ അപമാനിച്ചതായി പരാതി. തമിഴ്നാട് സ്വദേശികളായ ട്രാൻസ് വനിതകളെ പോലീസ് ഉദ്യോഗസ്ഥർ പൊതുസ്ഥലത്ത് വച്ച് വസ്ത്രം അഴിച്ച് പരിശോധിച്ചെന്നും ദർശനത്തിന് അനുവദിച്ചില്ലന്നുമാണ് പരാതി.
ദർശനത്തിനായി എത്തുന്ന ഇവരെ ലൈംഗികവും വംശീയവുമായി അപമാനിച്ചെന്നും ആരോപണമുണ്ട്. സംഭവത്തിൽ മദ്രാസ് ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് ട്രാൻസ്ജെൻഡർ വനിതകൾ.
തമിഴ്നാട് സ്വദേശികളായ മൂന്ന് ട്രാൻസ്ജെൻഡർ വനിതകളും അമ്മയും ശബരിമലയിൽ ദർശനത്തിനായി കഴിഞ്ഞ 19ന് ആണ് എത്തിയത്. തുടർന്ന് തമിഴ്നാട് സർക്കാരിന്റെ ട്രാൻസ്ജെൻഡർ ഐഡി കാർഡ് അടക്കം പരിശോധിച്ച് ഇവർക്ക് പാസ് അനുവദിച്ചു കിട്ടി.
എന്നാൽ സന്നിധാനത്തേക്കുള്ള യാത്രക്കിടയിൽ പോലീസ് ഇവരെ തടയുകയായിരുന്നു. തങ്ങൾ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരായവരാണെന്ന് അറിയിച്ചതോടെ ട്രാൻസ്ജെൻഡറുകൾക്ക് പ്രവേശനമില്ലന്ന് പോലീസ് പറഞ്ഞു.
തങ്ങൾ വർഷങ്ങളായി ശബരിമലയിൽ ദർശനം നടത്തുന്നവരാണെന്നും യാത്ര അനുവദിക്കണമെന്നും ആവശ്യപ്പെട്ട് വാക്കു തർക്കമുണ്ടാവുകയും ചെയ്തു. പിന്നാലെ വനിതാ പോലീസ് എത്തി പൊതുസ്ഥലത്തെ ശുചിമിറിക്ക് പിന്നിൽ വച്ച് ഇവരുടെ വസ്ത്രം അഴിച്ച് പരിശോധന നടത്തി.
പരിശോധന നടത്തിയ മെഡിക്കൽ ഓഫീസറായ ഡോക്ടർ ഇവർക്ക് പുരുഷ അവയവങ്ങളില്ലെന്ന് റിപ്പോർട്ട് നൽകിയതോടെ പോലീസ് ദർശന അനുമതി നിഷേധിക്കുകയും ചെയ്തു. സംഭവത്തിൽ ദേവസ്വം ബോർഡിനെയും കേരള പോലീസിനെയും പ്രതി ചേർത്ത് മദ്രാസ് ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് ട്രാൻസ് വനിതകൾ.