വടകര: വടകര നഗരം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ട്രാൻസ്ജെൻഡേഴ്സിനു നേരെ അക്രമം. രണ്ടു പേർക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസങ്ങളിൽ രാത്രിയാണ് ഇവർ ആക്രമിക്കപ്പെട്ടത്. ലിങ്ക് റോഡിൽ വെച്ച് കോഴിക്കോട് നല്ലളത്തെ നിഷയും (34) അടുത്ത ദിവസം ഭഗവതി കോട്ടക്കൽ ക്ഷേത്രത്തിനു മുന്നിലെ റോഡിൽ തലശേരിയിലെ ശിവാനിയും (39) അക്രമത്തിനിരയായി.
ശിവാനിക്ക് ഇരുകൈകളിലും നിഷക്ക് പിൻഭാഗത്തുമാണ് കത്തികൊണ്ടുള്ള കുത്തേറ്റത്. ഇരുവരേയും കുത്തിയത് ഒരാളാണെന്ന് സംശയിക്കുന്നു. പരിക്കേറ്റവർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. സാരമായി പരിക്കേറ്റ ശിവാനിക്ക് ഏഴ് തുന്നിക്കെട്ടുണ്ട്. സംഭവത്തിൽ നടപടി തേടി ഇരുവരും വടകര പോലീസിൽ പരാതി നൽകി.
വടകര ഭാഗങ്ങളിൽ ട്രാൻസ്ജൻഡേഴ്സിനെ ഉന്നംവെച്ചു സാമൂഹികദ്രോഹികൾ ആക്രമണം നടത്തുന്നതിൽ പുനർജനി കൾച്ചറൽ സൊസൈറ്റി പ്രതിഷേധിച്ചു. പുനർജനി പ്രസിഡന്റും കോഴിക്കോട് ലീഗൽ സർവീസ് അതോറിറ്റി വളണ്ടിയറുമായ സിസിലി ജോർജ് വടകര പോലീസ് സ്റ്റേഷനിലെത്തി കർശന നടപടി ആവശ്യപ്പെട്ടു.
ആക്രമികളെ കണ്ടെത്തി ശിക്ഷ നൽകുന്നതു വരെ പോരാടുമെന്ന് സിസിലി വ്യക്തമാക്കി. വടകരയിലെ ട്രാൻസ്ജെൻ ഡേഴ്സിന്റെ സംഘടനയായ തളിരും സംഭവത്തിൽ പ്രതിഷേധിച്ചു.