കോഴിക്കോട്: ട്രാൻസ്ജെൻഡർ ദുരൂഹസാഹ്യചര്യത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്നയാളുടെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പുറത്തുവിട്ടു. സംഭവം നടന്ന ഇടവഴിയിലൂടെ പ്രതിയെന്ന് സംശയിക്കുന്നയാൾ മെയിൻ റോഡിലേക്ക് നടന്നു വരുന്നതാണ് സിസിടിവിയിലുള്ളത്.
യുവാവിനെക്കുറിച്ച് വിവരങ്ങള്‍ ലഭിക്കുന്നവര്‍ നടക്കാവ് പോലീസ് ബന്ധപ്പെടണമെന്നാണ് പോലീസ് അറിയിപ്പ്. ഏപ്രിൽ ഒന്നിനാണ് കേസിനാസ്പദമായ സംഭവം. കണ്ണൂർ ആലക്കോട് സ്വദേശി ശാലു എന്ന ഷാജി(35)യെയാണ് കോഴിക്കോട് മാവൂർ റോഡിന് സമീപം യു.കെ. ശങ്കുണ്ണി റോഡിലെ ഇടവഴിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
കഴുത്തിൽ സാരി ചുറ്റിയ നിലയിലായിരുന്നു മൃതദേഹം. ശ്വാസം മുട്ടിച്ച് കൊലപെടുത്തിയെന്നായിരുന്നു പ്രഥമിക റിപ്പോർട്ട്. കൊലപാതകമാണെന്ന് ഉറപ്പുവരുത്താൻ റീജിയണൽ കെമിക്കൽ ലബോറട്ടറിയിലേക്ക് പരിശോധനയ്ക്കയച്ച ശാലുവിന്റെ ആന്തരികാവയവങ്ങുടെയും ശ്രവങ്ങളുടെയും പരിശോധനാ ഫലം വരണമെന്ന് നടക്കാവ് പോലീസ് അറിയിച്ചു. നടക്കാവ് പോലീസിനാണ് അന്വേഷണചുമതല.