കോഴിക്കോട്: കോഴിക്കോട് മാവൂര്‍ റോഡിന് സമീപം ഭിന്നലിംഗക്കാരിയെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതി വലയിലായതായി സൂചന. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. കഴുത്തില്‍ സാരി കുരുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.
കൊല്ലപ്പെട്ട മൈസൂരു സ്വദേശി ശാലുവുമായി അടുപ്പമുള്ളയാളാണ് പ്രതിയെന്നാണ് സൂചന. സമീപത്തെ സിസിടിവി ഉള്‍പ്പെടെയുള്ളവ പോലീസ് പരിശോധിച്ചിരുന്നു. ശാലുവിന്റെ സുഹൃത്തുക്കളായ ഭിന്നലിംഗക്കാരെ ചോദ്യം ചെയ്തതില്‍ നിന്നുമാണ് പ്രതിയെക്കുറിച്ച് വിവരം ലഭിച്ചത്. നേരത്തെ ഷൊര്‍ണൂരില്‍ വച്ചുണ്ടായ ചില പ്രശ്നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറയുന്നു.
ശാലുവിനെ പ്രതി നിരന്തരം ഫോണില്‍ വിളിച്ചിരുന്നതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കോഴിക്കോട്ടെത്തിയ ശാലു രാത്രി വൈകിയും സംഭവസ്ഥലത്ത് ഏറെ നേരം സംസാരിച്ച് നില്‍ക്കുന്നത് കണ്ടവരുണ്ട്. ഇവരുടെ മൊഴിയും പോലീസ് രേഖപ്പെടുത്തി. പ്രതിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇന്നോ നാളേയോ വെളിപ്പെടുത്തുമെന്ന് പോലീസ് അറിയിച്ചു.
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹം ഇന്നലെ വൈകുന്നേരം പുതിയറയിലെ “എന്റെ കൂടിന് മുന്നിൽ പൊതുദർശനത്തിന് വച്ചു. വൈകുന്നേരം നാലോടെ വെസ്റ്റ്ഹിൽ ശ്മശാനത്തിൽ സംസ്കരിച്ചു. നടക്കാവ് സിഐയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
ഞായറാഴ്ച അര്‍ധരാത്രിയാണ് സംഭവം നടന്നെതന്നാണ് പോലീസ് നിഗമനം. മൈസുരു സ്വദേശിയാണെങ്കിലും സ്ഥിരമായി കണ്ണൂരിലാണ് ഇവര്‍ താമസിച്ചുവന്നിരുന്നത്. മാവൂര്‍റോഡ് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിനു സമീപം യു.കെ. ശങ്കുണ്ണി റോഡിലെ ഇടവഴിയിലാണ് മൃതദേഹം കിടന്നിരുന്നത്. ട്രാന്‍സ് ജെന്‍ഡര്‍ കമ്മ്യൂണിറ്റി സ്ഥിരമായി ഒത്തുചേരുന്ന സ്ഥലമാണിത്. നഗരത്തിലെ ഇടുങ്ങിയ വഴിയോട് ചേര്‍ന്നാണ് മൃതദേഹം കിടന്നിരുന്നത്.