കോഴിക്കോട്: ഭിന്നലിംഗക്കാർക്ക് പോലീസിന്റെ മർദനമേറ്റ സംഭവവുമായി ബന്ധപ്പെട്ട് രണ്ട് ഭിന്നലിംഗക്കാർക്കെതിരേയും കേസ്. പൊതുസ്ഥലത്ത് അനാശാസ്യ പ്രവർത്തനം നടത്തിയതിനാണ് ടൗണ്‍ പോലീസ് കേസെടുത്തത്.
കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെ നഗരത്തിൽ മർദനമേറ്റതായി പരാതി നൽകിയ ഇവർ പുരുഷന്മാരെ വശീകരിച്ച് അനാശാസ്യത്തിനു കൊണ്ടുപോകുന്ന വീഡിയോ ലഭിച്ചെന്നാണു പോലീസ് പറയുന്നത്. സംഭവം നടന്ന സ്ഥലത്തെ സിസിടിവി കാമറകൾ പരിശോധിച്ചശേഷമാണ് നടപടി.
സംസ്ഥാന തുടർവിദ്യാഭ്യാസ പരിപാടിയിലെ സംഘനൃത്തത്തിന്റെ പരിശീലനം കഴിഞ്ഞ് ഒരുമിച്ചുവരുന്പോൾ പോലീസ് അകാരണമായി മർദിച്ചെന്നായിരുന്നു ട്രാൻസ്ജെൻഡേഴ്സിന്റെ പരാതി. എന്നാൽ രണ്ടുപേരും ഒരുമിച്ചു നടന്നിട്ടില്ലെന്നും പിഎം താജ് റോഡിന് സമീപത്ത് വിവിധ ഭാഗങ്ങളിലായി നിന്ന് ഇവർ അനാശാസ്യം നടത്തിയെന്നുമാണ് പോലീസ് പറയുന്നത്. രണ്ടുമണിക്കൂറിനിടെ അറുപതിലധികം പേരുമായി അനാശാസ്യം നടത്തുന്നതിന്റെ ദൃശ്യങ്ങളാണ് ലഭിച്ചിരിക്കുന്നത്.
ഒമേഗാ ഇലക്ട്രിക്കൽസ് എന്ന കടയുടെ മുൻപിൽ വച്ച് പോലീസ് മർദിച്ചെന്നാണ് ഇവർ പരാതിനൽകിയത്. എന്നാൽ ഈ ഭാഗത്ത് പരാതിക്കാർ ഉണ്ടായിരുന്നില്ലെന്ന് സിസിടിവി ഭൃശ്യങ്ങളിൽ നിന്നും വ്യക്തമായി. ഭിന്നലിംഗക്കാർ നൽകിയ മൊഴി വ്യാജമെന്നതിന് തെളിവുകൾ ലഭിച്ച പശ്ചാത്തലത്തിലാണ് കേസെടുക്കാൻ തീരുമാനിച്ചത്. ടൗണ്‍ ഇൻസ്പെക്ടർ പി.എം മനോജാണ് കേസ് അന്വേഷിക്കുന്നത്.
നഗരത്തിൽ നടന്ന സംസ്ഥാന തുടർവിദ്യാഭ്യാസ കലോത്സവത്തിലെ സംഘനൃത്തത്തിന്റെ പരിശീലനം കഴിഞ്ഞ് താമസസ്ഥലത്തേക്ക് മടങ്ങവെ പി.എം താജ് റോഡിൽ വച്ച് രണ്ടു പോലീസുകാർ അകാരണമായി തല്ലിച്ചതച്ചെന്നായിരുന്നു സുസ്മിത, മമത ജാസ്മിൻ എന്നീ ട്രാൻസ്ജെൻഡേഴ്സിന്റെ പരാതി. മർദനമേറ്റ ട്രാൻസ്ജെൻഡേഴ്സ് മുഖ്യമന്ത്രിക്കും ഡിജിപിക്കും നൽകിയ പരാതിയിൽ കണ്ടാലറിയാവുന്ന രണ്ട് പോലീസുകാർക്കെതിരേ കേസെടുത്തിരുന്നു.