തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവർ യദുവും തമ്മിലുണ്ടായ തർക്കത്തിൽ ഉൾപ്പെട്ട ബസ് പരിശോധനയ്ക്കായി ആർടിഒയ്ക്ക് വിട്ടുകൊടുത്ത ഉദ്യോഗസ്ഥനെതിരേ കെഎസ്ആർടിസിയുടെ നടപടി.
ബസ് വിട്ടുകൊടുത്ത തിരുവനന്തപുരം ജില്ലാ അസിസ്റ്റന്റ് ട്രാൻസ്പോർട്ട് ഓഫീസറെ സ്ഥലം മാറ്റി. എടിഒ മുഹമ്മദ് ബഷീറിനെയാണ് കട്ടപ്പനയിലേക്ക് സ്ഥലം മാറ്റിക്കൊണ്ട് ഉത്തരവിറക്കിയത്.
വിവാദമായ മേയർ-ഡ്രൈവർ തർക്കത്തിനു പിന്നാലെ നടത്തിയ പരിശോധനയിൽ കെഎസ്ആർടിസി ബസിനു വേഗപ്പൂട്ടില്ലെന്ന് ആർടിഒ കണ്ടെത്തിയിരുന്നു. മേയറുമായുണ്ടായ തർക്കം നടന്നതിന്റെ പിറ്റേന്നുതന്നെ ബസ് വീണ്ടും സർവീസ് നടത്തിയിരുന്നു. ഇതിനിടയിലായിരുന്നു ആർടിഒയുടെ പരിശോധന.
സ്പീഡ് ഗവർണർ കേബിൾ മാറ്റിയ നിലയിലാണെന്ന് പരിശോധനയിൽ കണ്ടെത്തി. തുടർന്ന് ബസിനു വേഗപ്പൂട്ട് ഇല്ലെന്നു കാണിച്ച് ആർടിഒ റിപ്പോർട്ട് നൽകുകയും ചെയ്തിരുന്നു. ആർടിഒ നടത്തിയ പരിശോധനയിൽ ക്രമക്കേടു കണ്ടെത്തിയതോടെ ഗതാഗത വകുപ്പിനു വലിയ നാണക്കേടുമുണ്ടായി. ഇതോടെയാണ് ബസ് പരിശോധനയ്ക്ക് വിട്ടുകൊടുത്ത ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയത്.