പത്തനംതിട്ട: അർധരാത്രിയിൽ വീടിന്റെ അടുക്കള വാതിൽ പൊളിച്ച് അതിക്രമിച്ച് കയറി പതിനഞ്ചുകാരിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതിക്ക് തടവും പിഴയും.
പട്ടാഴി വടക്കേക്കര മഞ്ചാടിമുക്ക് സിജോ ഭവനിൽ സിജോ രാജുവിനെ (30)യാണ് പത്തനംതിട്ട പ്രിൻസിപ്പൽ പോക്സോ കോടതി തടവിനും പിഴ ശിക്ഷയ്ക്കും വിധിച്ചത്.
ഇന്ത്യൻ ശിക്ഷാനിയമം 452- ാം വകുപ്പ് പ്രകാരം അതിക്രമിച്ചു കടന്നതിന് അഞ്ചു വർഷം തടവും 40,000 രൂപ പിഴയും 354-ാം വകുപ്പു പ്രകാരം സ്ത്രീത്വത്തെ അപമാനിച്ചതിന് രണ്ടു വർഷം തടവും 20,000 രൂപ പിഴയും
പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ കടന്നു പിടിച്ചതിന് പോക്സോ ആക്ട് വകുപ്പ് 8 പ്രകാരം മൂന്നു വർഷം തടവും 25,000 രൂപ പിഴയമാണ് ശിക്ഷ.
തടവുശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയാകും. ഏറ്റവും കൂടിയ തടവു ശിക്ഷയായ അഞ്ച് വർഷം ജയിൽവാസം അനുഭവിക്കണം.
പിഴയൊടുക്കിയില്ലെങ്കിൽ ആറ് മാസം കൂടി തടവിൽ കഴിയണം. പ്രിൻസിപ്പൽ പോക്സോ കോടതി ജഡ്ജി ജയകുമാർ ജോണിന്റേതാണ് വിധി.
2016 ലാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. രാത്രി ഉറങ്ങാൻ അമ്മയോടൊപ്പം കിടന്നതായിരുന്നു പെണ്‍കുട്ടി.
അർധരാത്രിയോടെ ആരോ ശരീരത്ത് പിടിക്കുന്നതു മനസിലാക്കി ഞെട്ടി ഉണർന്നപ്പോൾ പ്രതി കട്ടിലിൽ ഇരിക്കുന്നതായി ലൈറ്റ് വെളിച്ചത്തിൽ കാണ്ടു.
തുടർന്ന് മകളും അമ്മയും ബഹളം വച്ചതിനെ തുടർന്ന് ഇയാൾ ഓടി രക്ഷപ്പെട്ടു. പ്രതി അയാളുടെ സുഹൃത്തിന്റെ വീട് സന്ദർശിച്ച വേളയിലാണ് സംഭവം ഉണ്ടായത്.
പ്രോസിക്യൂഷനു വേണ്ടി പ്രിൻസിപ്പൽ സ്പെഷൽ പ്രോസിക്യൂട്ടർ ജയ്സണ്‍ മാത്യൂസ് ഹാജരായി.