തിരുവനന്തപുരം: വഞ്ചിയൂർ സബ് ട്രഷറിയിൽ നിന്നും രണ്ടു കോടി രൂപ തട്ടിയെടുത്ത സംഭവത്തിൽ ട്രഷറി ജീവനക്കാരനെതിരെ വഞ്ചിയൂർ പോലീസ് അന്വേഷണം ആരംഭിച്ചു.
വഞ്ചിയൂർ സബ്ട്രഷറിയിലെ സീനിയർ അക്കൗണ്ടന്റ് ബിജുലാൽ, ഇയാളുടെ ഭാര്യ എന്നിവർക്കെതിരെയാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. വ്യാജരേഖ ചമയ്ക്കൽ, വഞ്ചന, ഐടിആക്ട് എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഇരുവരും ഒളിവിലാണ്.
സംഭവത്തിൽ ഇയാൾക്കെതിരെ വകുപ്പ് തല അന്വേഷണം ഇന്ന് ആരംഭിക്കും. ട്രഷറി ജോയിന്റ് ഡയറക്ടർ സാജനെയാണ് വകുപ്പ്തല അന്വേഷണത്തിന് ചുമലപ്പെടുത്തിയിരിക്കുന്നത്.
ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് ബിജുലാലിലെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു. ട്രഷറി വകുപ്പ് ആധികൃതരുടെ പരാതിയെ തുടർന്നാണ് വഞ്ചിയൂർ പോലീസ് കേസെടുത്തത്.
ജില്ലാ കളക്ടറുടെ അക്കൗണ്ടിൽ നിന്നും ബിജുലാൽ തന്റെ ഭാര്യയുടെ അക്കൗണ്ടിലേക്ക് പണം വകമാറ്റിയതായി കണ്ടെത്തിയിരുന്നു. കഴിഞ്ഞ മേയ് മാസം സർവീസിൽ നിന്നും വിരമിച്ച ട്രഷറി ഓഫീസറുടെ യൂസർ നെയിമും പാസ്വേഡും ഉപയോഗിച്ചാണ് ബിജുലാൽ ക്രമക്കേട് നടത്തിയത്.
ക്രമക്കേട് സബ്ട്രഷറി ഓഫീസറുടെ ശ്രദ്ധയിൽപ്പെട്ടതോടെ ഈ വിവരം സബ്ട്രഷറി ഓഫീസർ ജില്ലാ ട്രഷറി ഓഫീസർക്ക് റിപ്പോർട്ട് ചെയ്യുകയായിരുന്നു. അതേസമയം തട്ടിപ്പു നടത്തിയ ബിജുലാൽ മുന്പും തട്ടിപ്പ് കേസിൽ ഉൾപ്പെട്ടിരുന്നുവെന്നും വിവരമുണ്ട്.