കോട്ടയം: സർക്കാർ ഇടപെടൽ സാധ്യമാകുന്നതോടെ ട്രാവൻകൂർ സിമന്റസിനു പുതു ജീവൻ നേടാനാകുമെന്ന പ്രതീക്ഷയിൽ ജീവനക്കാർ.കഴിഞ്ഞ ദിവസം ഇതു സംബന്ധിച്ചു സഹകരണ മന്ത്രി വി.എൻ. വാസവൻ ഇന്നലെ ട്രാവൻകൂർ സിമന്റ്സലെത്തി ഉദ്യോഗസ്ഥരുമായും യൂണിയൻ പ്രതിനിധികളുമായി ചർച്ച നടത്തി.
പ്രതിസന്ധിയിലായിരുന്ന സിമന്റസിനെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ സർക്കാരാണ് കന്പനിയിൽ പുനുരുദ്ധാരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്.
പുനരുദ്ധാരണ പ്രവർത്തനങ്ങളിലൂടെ കന്പനിയുടെ പ്രതിസന്ധി മറികടക്കാൻ സാധിക്കുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷയെന്നും ട്രാവൻകൂർ സിമന്റസിനെ പഴയ കാല പ്രതാപത്തിലേക്ക് തിരിച്ചു കൊണ്ടുവരുമെന്ന് സഹകരണ മന്ത്രി വി.എൻ. വാസവൻ പറഞ്ഞു.
കേരള സ്റ്റേറ്റ് ഇലക്്ട്രിസിറ്റി ബോർഡിന് ആവശ്യമായ കോണ്ക്രീറ്റ് പോസ്റ്റ് നിർമിക്കുന്ന പദ്ധതിക്ക് ഉടൻ തുടക്കമാകും. കൂടാതെ വൈറ്റ് സിമന്റ് വിപണിയിൽ വന്ന വലിയ വിലയിടിവും കാരണം ഏകദേശം ഒരു മാസം 700 ടണ് വൈറ്റ് സിമന്റ് മാത്രമേ കന്പനി വിപണനം ചെയ്യുന്നുള്ളു.
ഇതിനാവശ്യമായ മില്ല് നിലനിർത്തി മറ്റു മില്ലുകൾ ഗ്രേ സിമന്റ് ഗ്രൈൻഡിംഗ് യൂണിറ്റിനായുള്ള നവീകരണം ഉടൻ ആരംഭിക്കാനും മന്ത്രി നിർദേശം നൽകി. രണ്ടു വർഷത്തോളമായി കന്പനിയിൽ നിന്നു പിരിഞ്ഞു പോയ ജീവനക്കാർക്ക് നിയമാനുസൃതം ലഭിക്കേണ്ട ആനുകൂല്യങ്ങൾ ഉടൻ നൽകുമെന്നും മന്ത്രി പറഞ്ഞു.
കന്പനിയുടെ പേരിലുള്ള കാക്കനാട്ടെ 2.79 ഏക്കർ സ്ഥലം കിൻഫ്രാക്ക് 25 കോടി രൂപയ്ക്ക് കൈമാറാൻ മന്ത്രിസഭ യോഗം തീരുമാനിച്ചിരുന്നു. ഇതിൽ അഞ്ചു കോടി രൂപ അഡ്വാൻസായി കന്പനിക്ക് ലഭിച്ചിട്ടുണ്ട്. ബാക്കിയുള്ള 20 കോടി രൂപ ഉടൻ അനുവദിക്കണമെന്ന് യൂണിയൻ പ്രതിനിധികൾ ആവശ്യപ്പെട്ടു.
അടുത്ത മാസം അവസാനത്തോടെ വ്യവസായ മന്ത്രി പി. രാജീവ് സിമിന്റ്സ് സന്ദർശിക്കുമെന്നും കൂടുതൽ ചർച്ചകൾ നടത്തി പുനരുദ്ധാരണത്തിനാവശ്യമായ നടപടികൾ കൈക്കൊള്ളുമെന്നും മന്ത്രി വാസവൻ പറഞ്ഞു.യൂണിയൻ നേതാക്കളായ വി.ബി. ബിനു, സി.എൻ.സത്യനേശൻ, മാനേജിംഗ് ഡയറക്്ടർ ബി. അനിൽകുമാർ, ഡെപ്യൂട്ടി ജനറൽ മാനേജർ എ.ജെ. സജി എന്നിവർ ചർച്ചയിൽ പങ്കെടുത്തു. സിമന്റ്സിലെത്തിയ മന്ത്രിക്ക് എഐടിയുസി-സിഐടിയു യൂണിയനുകളുടെ നേതൃത്വത്തിൽ സ്വീകരണവും നൽകി.