കോട്ടയം: സംസ്ഥാന സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളെ സംരക്ഷിക്കുമെന്ന നിലപാടു സ്വീകരിക്കുന്പോഴാണ് മറ്റൊരുകാലത്തുമില്ലാത്ത ദുരിതത്തിൽ ട്രാവൻകൂർസിമന്റ്സിലെ വിരമിച്ച ജീവനക്കാർ കഴിയുന്നത്.
കേസുമായി ഹൈക്കോടതി വരെ എത്തിയിട്ടുപോലും വിരമിച്ച ജീവനക്കാരുടെ അനൂകൂല്യം നൽകാൻ ഇതുവരെയും ട്രാവൻകൂർ സിമന്റ്സ് മാനേജ്മെന്റ് തയ്യാറായിട്ടില്ല.
വിരമിച്ച നൂറിലധികം ജീവനക്കാർ ഗ്രാറ്റുവിറ്റി അടക്കമുള്ള ആനുകൂല്യങ്ങൾ ലഭിക്കാതെ ബുദ്ധിമുട്ടുന്പോൾ, നിലവിലുള്ള ജീവനക്കാർക്ക് ഓണക്കാല ആനൂകൂല്യങ്ങൾ പൂർണമായും കന്പനി വിതരണം ചെയ്തു കഴിഞ്ഞു.
കഴിഞ്ഞ കാലങ്ങളിൽ കന്പനിക്കു വേണ്ടി ചോരനീരാക്കിയ ജീവനക്കാരെ ഈ ഓണക്കാലത്തും പൂർണമായും തഴയുന്ന നിലപാടാണ് കന്പനി ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്.
നേരത്തെ പത്തോളം ജീവനക്കാർ ഹൈക്കോടതിയെ സമീപിക്കുകയും അനൂകൂലമായ ഉത്തരവ് നേടിയെടുക്കുകയും ചെയ്തിരുന്നു.
എന്നിട്ടുപോലും പെൻഷൻകാർക്ക് കൃത്യമായി അനൂകൂല്യങ്ങൾ വിതരണം ചെയ്യാൻ ഈ ഓണക്കാലത്തും കന്പനി മാനേജ്മെന്റ് തയ്യാറാകുന്നില്ല.
വിഷയത്തിൽ ഇതുവരെയും ഇടപെടാനോ സാധാരണക്കാരും രോഗികളുമായ പെൻഷൻകാരുടെ ജീവിതം നേരെയാക്കാനോ സർക്കാരും ഇടപെടുന്നില്ല.
ഇത്തവണ നിലവിലുള്ള ജീവനക്കാർക്ക് കന്പനി ഓണക്കാല ആനൂകൂല്യങ്ങൾ നൽകിയിട്ടുണ്ട്. എന്നാൽ, വരും വർഷങ്ങളിൽ ഇത്തരത്തിൽ ഓണക്കാല ആനുകൂല്യം നൽകാനുള്ള പണം എവിടെനിന്നു കണ്ടെത്തും എന്ന ചോദ്യത്തിന് ആർക്കും ഉത്തരമില്ല.
മുൻപ് പ്രഖ്യാപിച്ച പല പദ്ധതികളും ആരംഭിക്കാൻ പോലും സാധിക്കാത്ത സാഹചര്യത്തിലാണ് ഇക്കുറി ഓണക്കാലത്ത് ട്രാവൻകൂർ സിമന്റ്സിലെ പെൻഷൻകാരുടെ ജീവിതത്തെപ്പറ്റി ആശങ്കകൾ ഉയരുന്നത്.
ഇതിനിടെ നവീകരണത്തിനായി ആരംഭിച്ച പല പദ്ധതികളിലും അഴിമതി ആരോപണവും ഉയർന്നിട്ടുണ്ട്. പദ്ധതികൾ പലതും നടപ്പാക്കുന്നതിന്റെ ഭാഗമായി കരാർ നൽകിയതിൽ അഴിമതിയുണ്ടെന്നാണ് ആരോപണം.
സർക്കാർ കൃത്യമായി ഇടപെട്ടില്ലെങ്കിൽ ഇക്കുറിയും പെൻഷൻക്കാർക്ക് കുന്പിളിൽ തന്നെയാകും കഞ്ഞി.