
മൂവാറ്റുപുഴ: ട്രാവൽ ഏജൻസി ജീവക്കാരിയെ പീഡിപ്പിച്ച കേസിൽ ഒളിവിൽ കഴിയുന്ന പ്രതിയായ ഏജൻസി ഉടമയെക്കുറിച്ചു പോലീസിന് വ്യക്തമായ സൂചന.
മൂവാറ്റുപുഴ പിഒ ജംഗ്ഷനിലെ ട്രാവൽ ഏജൻസി ഉടമ പായിപ്ര സ്വദേശി അലിക്കെതിരേയാണ് സ്ഥാപനത്തിലെ ജീവക്കാരി പരാതി നൽകിയത്.
വിവാഹ വാഗ്ദാനം നൽകി ഗോവ, മൈസൂർ, വാഗമൺ എന്നിവിടങ്ങളിൽ കൊണ്ടുപോയി ഒന്നര വർഷത്തോളം പീഡിപ്പിച്ചുവെന്നാണ് പരാതി. കാഞ്ഞാർ സ്വദേശിനിയായ ഇരുപത്തിനാലുകാരിയാണ് പരാതിക്കാരി.
പീഡനത്തെ തുടർന്ന് വിവാഹം ചെയ്യണമെങ്കിൽ മതം മാറണമെന്നും ഇയാൾ ആവശ്യപെട്ടതായി പരാതിയിലുണ്ട്. സ്ഥാപനയുടമ യുവതിക്ക് ധനസഹായവും യുവതിയുടെ സഹോദരിക്ക് വിദേശജോലിയും വാഗ്ദാനം ചെയ്തിരുന്നു.
അലി മുൻപ് ഒരു സ്ത്രീയുടെ പേഴ്സ് മോഷ്ട്ടിക്കുകയും സ്ത്രീയെ ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്ത കേസിൽ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.
പീഡനത്തെ തുടർന്ന് ജോലി ഉപേക്ഷിച്ച യുവതിയെ വീട്ടിലെത്തി ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നു. ഇയാളുടെ ശല്യം സഹിക്കവയ്യാതെ വന്നതോടെ യുവതിയെ അനാഥാലയത്തിലേക്ക് മാറ്റി.
തുടർന്നാണ് യുവതി കാഞ്ഞാർ പോലീസിൽ പരാതി നൽകിയത്. ഈ പരാതി പിന്നീട് മൂവാറ്റുപുഴ പോലീസിന് കൈമാറുകയായിരുന്നു. പ്രതി തൃശൂരിൽ ഉണ്ടെന്നാണ് പോലീസിന് ലഭിച്ച വിവരം. ഇയാളെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും പോലീസ് പറഞ്ഞു.