കൊച്ചി: വീസക്കായി നൽകിയ പണം തിരികെ നൽകാത്തതിൽ പ്രതിഷേധിച്ച് ട്രാവൽ ഏജൻസിയിൽ കയറി യുവാവ് ജീവനക്കാരിയെ കുത്തിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതി പള്ളുരുത്തി പെരുന്പടപ്പ് ചക്കനാട്ട്പറന്വ് വീട്ടിൽ ജോളി (46)യെ ഇന്ന് കോടതിയിൽ ഹാജരാക്കും.
സംഭവത്തിൽ കഴുത്തിന് ആഴത്തിൽ മുറിവേറ്റ ഇടുക്കി തൊടുപുഴ സ്വദേശിനിയായ സൂര്യ (27) ഇപ്പോഴും സ്വകാര്യ ആശുപത്രിയിൽ ഐസിയുവിൽ തുടരുകയാണ്.
ഇവരെ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. ആക്രമണം തടയാൻ ശ്രമിച്ചതിനെ തുടർന്ന് കൈയ്ക്കും സാരമായി മുറിവേറ്റിട്ടുണ്ട്. ഇവരുടെ മൊഴി രേഖപ്പെടുത്താൻ പോലീസിന് കഴിഞ്ഞിട്ടില്ല.
ഇന്നലെ ഉച്ചക്ക് 12 ന് എറണാകുളം രവിപുരം ജംഗ്ഷനിൽ പ്രവർത്തിക്കുന്ന റെയ്സ് ട്രാവൽസ് ബ്യൂറോ എന്ന സ്ഥാപനത്തിലാണ് സംഭവം നടന്നത്.
അതേസമയം ജോളിയുടെ പശ്ചാത്തലത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചതായി സൗത്ത് പോലീസ് ഇൻസ്പെക്ടർ എം.എസ്. ഫൈസൽ പറഞ്ഞു.
ഇയാൾക്ക് ക്രിമിനൽ പശ്ചാത്തലം ഇല്ലെങ്കിലും മുന്‍പ് മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് പള്ളുരുത്തി പോലീസ് സ്റ്റേഷനിൽ കേസുണ്ടെന്നും ഇൻസ്പെക്ടർ പറഞ്ഞു.
പ്രതി ജോളി 2019 ൽ ലിത്വാനയിലേക്കുള്ള വർക്ക് വീസയ്ക്കായി ട്രാവൽസിൽ ഒന്നര ലക്ഷം രൂപ നൽകിയിരുന്നു. വീസ ലഭിക്കാതിരുന്നതിനെ തുടർന്നു പണം തിരികെ ചോദിച്ചെങ്കിലും ലഭിക്കാതെ വന്നതോടെ ഇന്നലെ ട്രാവൽസ് ഉടമ മുഹമ്മദ് അലിയെ അന്വേഷിച്ച് ജോളി സ്ഥാപനത്തിലെത്തുകയായിരുന്നു.
എന്നാൽ ഉടമ സ്ഥലത്തില്ലെന്ന് ജീവനക്കാരി അറിയിച്ചതോടെ ഇവരുമായി തർക്കത്തിലാവുകയും കൈയിൽ കരുതിയിരുന്ന കത്തിയെടുത്ത് സൂര്യയുടെ കഴുത്തിൽ കുത്തുകയുമായിരുന്നു. ട്രാവൽസ് ഉടമ ഇനി അന്‍പതിനായിരം രൂപ തിരികെ നൽകാനുണ്ടെന്നാണ് പ്രതി പോലീസിനു നൽകിയ മൊഴി.
യുവതിക്ക് രക്ഷകനായി പോലീസ് ഡ്രൈവർ തിലകൻ
കൊച്ചി: എറണാകുളം രവിപുരത്തെ റെയ്സ് ട്രാവൽസിലെ ജീവനക്കാരിക്ക് കുത്തേറ്റ സംഭവത്തിൽ പെണ്‍കുട്ടിക്ക് ജീവൻ തിരിച്ചുകിട്ടിയത് പോലീസ് ഉദ്യോഗസ്ഥനായ തിലകന്റെ സന്ദർഭോചിതമായ ഇടപെടലിനെത്തുടർന്ന്.
ഇന്നലെ ഉച്ചയ്ക്ക് സൗത്ത് പോലീസ് ഇൻസ്പെക്ടർ എം.എസ് ഫൈസലിനെ കമ്മീഷണർ ഓഫീസിൽ ആക്കാൻ പോയതായിരുന്നു എറണാകുളം ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷനിലെ ഡ്രൈവർ സിപിഒ ആയ തിലകൻ.
ഇൻസ്പെക്ടറെ കമ്മീഷണർ ഓഫീസിലാക്കിയ ശേഷം ഒരു ഫയൽ എടുക്കാനായി സ്റ്റേഷനിലേക്ക് തിരികെ പോരുന്നതിനിടെയാണ് രവിപുരം ആർ. മാധവൻനായർ റോഡിലെ ജനക്കൂട്ടം തിലകന്റെ ശ്രദ്ധയിൽപ്പെട്ടത്.
ജീപ്പ് നിർത്തി പരിഭ്രാന്തരായി നിൽക്കുന്ന ജനങ്ങൾക്കിടയിലേക്ക് ചെന്നപ്പോഴാണ് സമീപത്തെ ഹോട്ടലിൽ ചോരയിൽ കുതിർന്ന് കിടക്കുന്ന പെണ്‍കുട്ടിയെ കണ്ടത്.
തുടർന്ന് ഹോട്ടൽ ജീവനക്കാരനെ കൂടി ജീപ്പിൽ കയറ്റിയ ശേഷം പെണ്‍കുട്ടിയുമായി ആശുപത്രിയിലേക്ക് പായുകയായിരുന്നു. 2003 മുതൽ പോലീസ് സേനയുടെ ഭാഗമായ ഇദ്ദേഹം എടവനക്കാട് സ്വദേശിയാണ്.