കൊടകര: ഇന്ത്യയുടെ വൈവിധ്യം കണ്ടറിയാനായി 45 ദിവസങ്ങൾ കൊണ്ട് 14 സംസ്ഥാനങ്ങളിൽ സഞ്ചരിച്ച് നാട്ടിൽ തിരിച്ചെത്തിരിക്കുകയാണ് കൊടകരയിലെ നാലു യുവസുഹൃത്തുക്കൾ.
ബിസിനസ് കാര്യങ്ങൾക്കു വേണ്ടി ചില സംസ്ഥാനങ്ങളിൽ പോകേണ്ട ആവശ്യം വന്നപ്പോൾ പേരാന്പ്രയിലെ ഫിഷ് കീപ്പേഴ്സിന്റെ പാർട്ട്ണർമാരായ പ്രിൻസിനും സിനിക്കിനും മനസിലുദിച്ച് ആശയമായിരുന്നു വിവിധ സംസ്ഥാനങ്ങളിലൂടെയുള്ള ജീപ്പ് യാത്ര.
ഭാഷാ പ്രശ്നമാകുമെന്ന് കരുതിയപ്പോൾ ഉത്തരമായി എന്തിനും ഏതിനും കൂടെ നിൽക്കുന്ന ഉറ്റ ചങ്ങാതി വല്ലപ്പാടി സ്വദേശി നിജോയെയാണ്. മറ്റത്തൂർ സ്വദേശി ലിൻസനേയും കൂടെ കൂട്ടി.
കഴിഞ്ഞ ഒക്ടോബർ 26 ന് ഉച്ചതിരിഞ്ഞ് മൂന്നോടെ കൊടകരയിൽ നിന്ന് ഈ നാൽവർ സംഘം യാത്രയായത്. തമിഴ്നാട്, ആന്ധ്ര പ്രദേശ്, തെലുങ്കാന, ഒറീസ, വെസ്റ്റ് ബംഗാൾ, ജാർഖണ്ഡ്, ബീഹാർ, ഉത്തർപ്രദേശ്, ഡൽഹി, രാജസ്ഥാൻ, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഗോവ, കർണാടക എന്നീ സംസ്ഥാനങ്ങളിൽ സഞ്ചരിച്ച് ഡിസംബർ അവസാനം ഇവർ നാട്ടിൽ തിരിച്ചെത്തി.
ഓരോ ഇടങ്ങളിലുമുള്ള സുഹൃത്ത് ബന്ധങ്ങൾ ഉപയോഗപ്പെടുത്തി അവർ ഒരുക്കിയ വീടുകളിലാണ് രാത്രി കഴിച്ചുകൂട്ടിയത്.
അപൂർവം ചില സ്ഥലങ്ങളിൽ മാത്രമേ ലോഡ്ജ് മുറികളെ ആശ്രയിക്കേണ്ടിവന്നുള്ളൂ. ഏറ്റവും കൂടുതൽ ദിവസം തങ്ങിയത് കൊൽക്കത്തയിലാണ്. ആറു ദിവസമാണ് സ്വപ്ന നഗരത്തിലെ കാഴ്ചകൾ കാണാൻ നീക്കിവെച്ചത്.
45 ദിവസത്തെ ഇന്ത്യൻ പര്യടനത്തിന് ഇവർ സഞ്ചരിച്ച ബൊലോറക്ക് 43,000 രൂപയുടെ ഡീസലാണ് അടിക്കേണ്ടി വന്നത്. 9000 രൂപ രൂപ വിവിധ ഇടങ്ങളിൽ ടോൾ നൽകേണ്ടിവന്നു. ഭക്ഷണത്തിനായി ചെലവഴിച്ചത് 30,000 രൂപ.
കണ്ടതിൽ മനസിനെ ഏറ്റവും കൂടുതൽ സ്പർശിച്ച നഗരം ഏത്, കാഴ്ചയേത് എന്ന ചോദ്യത്തിന് നാലുപേരുടെയും മറുപടി വാക്കുകൾക്കതീതമാണ്.
സദാസമയവും ഒരു ശവമെങ്കിലും കത്തിഎരിഞ്ഞു കൊണ്ടിരിക്കുന്ന കാശിയുടെ മണികർണിക, ചിതാഭസ്മം പൂശിയ അഘോരികൾ, ചിത്തോർ ഘട്ടിലെ റാണി പത്മിനിയുടെ കോട്ട, ഗ്ലാസുകളുടെ വിസ്മയ കേന്ദ്രമായ ഫിറോസാബാദ്, ബംഗാളിന്റെ ഹൃദയധമനിയായ ഹൂഗ്ലി, ഭക്തി കത്തി ജ്വലിക്കുന്ന രൗദ്ര വിശ്വാസങ്ങളുടെ കാളീ ഘട്ട്, നിരവധി രഥചക്രങ്ങളുരുണ്ട ജയ്പൂരിന്റെ രാജവീഥികൾ, ഉദാത്ത പ്രണയത്തിന്റെ നിത്യസ്മാരകമായ താജ് മഹൽ അങ്ങിനെയങ്ങിനെ മനം കവർന്ന കാഴ്ചകൾ.
യാത്രയ്ക്കിടയിൽ ഡൽഹിയിലെ കർഷക സമരത്തോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇവർ സമരത്തിലും പങ്കാളികളായതും യാത്രയ്ക്കിടയിലെ മറക്കാനാവാത്ത ഓർമയാണ്.
വിശേഷങ്ങൾ പറഞ്ഞു പറഞ്ഞു മതി വരാതെ യാത്രകളെ പ്രണയിക്കുന്നവരുടെ മുന്നിൽ ഇവർ നാലുപേർ താരങ്ങളാവുകയാണ്.
കണ്ട കാഴ്ചകൾ മനസിൽ നിന്നും അടർത്തിയെടുത്ത് യാത്രാവിവരണം എഴുതാനുള്ള തയ്യാറെടുപ്പിലാണ് നിജോ. ഒന്നും വിട്ടുപോകാതെ എല്ലാം കടലാസിൽ പകർത്താൻ ഒപ്പം നിന്ന് ഓർമകളെ പകുത്തെടുക്കുകയാണ് പ്രിൻസും, സിനിക്കും, ലിൻസണും.