സുന്ദരം…സ്വച്ഛന്ദം…ഈ ജീവിതയാത്ര; കമിതാക്കളായ ജാക്കിന്റെയും ലൗറന്റെയും ഇന്‍സ്റ്റഗ്രാം യാത്രാ ബ്ലോഗ് ലോകമെമ്പാടുമുള്ള സഞ്ചാരികളുടെ ഇഷ്ടം പിടിച്ചു പറ്റുന്നു

1ആഗ്രഹിക്കുന്നതു പോലെ ജീവിക്കാന്‍ കഴിയുന്ന മനുഷ്യര്‍ ഭാഗ്യവാന്മാരാണെന്നു പറയാറുണ്ട്. അങ്ങനെയെങ്കില്‍ 26കാരനായ ജാക്ക് മോറിസിനെയും 24കാരിയായ ലൗറന്‍ ബുള്ളനെയും മഹാഭാഗ്യവാനെന്നും മഹാഭാഗ്യവതിയെന്നും വിശേഷിപ്പിക്കണം. ഇഷ്ടപ്പെട്ട ജോലി ഇഷ്ടമുള്ള ആളുടെ കൂടെ ചെയ്യുന്നത് ആസ്വദിക്കുകയാണ് ഈ കമിതാക്കള്‍. അത്ര വ്യത്യസ്ഥമാണ് ഇവരുടെ ജീവിതം.

നമ്മള്‍ ജോലിയുടെ ഇടവേളയില്‍ ഉപയോഗിക്കുന്ന സോഷ്യല്‍ മീഡിയ ഇവര്‍ സ്വന്തം ജോലിയ്ക്കായാണ് ഉപയോഗിക്കുന്നത്. നമുക്ക് സോഷ്യല്‍ മീഡിയയില്‍ നിന്നും ഒരു മണ്ണാങ്കട്ടയും കിട്ടുന്നില്ല. എന്നാല്‍ ഇവര്‍ അതേ സോഷ്യല്‍ മീഡിയയില്‍ നിന്നു കൊയ്യുന്നത് ലക്ഷങ്ങളാണ്. അതും ലോകം മുഴുവന്‍ യാത്ര ചെയ്ത്. ഒരു കാര്‍പ്പെറ്റ് ക്ലീനറായിരുന്നു ജാക്ക് മോറിസ് എന്ന മാഞ്ചസ്റ്റര്‍ സ്വദേശി. ഒരു സുപ്രഭാതത്തില്‍ ഉറക്കമെണീറ്റ ജാക്കിന് താനിപ്പോള്‍ ചെയ്യുന്ന ജോലി മഹാബോറാണെന്നും ഇനി മുതല്‍ സാഹസികമായി എന്തെങ്കിലും ചെയ്യണമെന്നും തോന്നി. പിന്നെ മറ്റൊന്നും ആലോചിച്ചില്ല. ജോലിയോട് ഗുഡ് ബൈ പറഞ്ഞു നേരെ ബാങ്കോക്കിലേക്ക് ടിക്കറെറടുത്തു.
2
അത് ഒരു സോഷ്യല്‍മീഡിയ വിപ്ലവത്തിന്റെ തുടക്കമായിരുന്നു. വെറുതെ യാത്ര ചെയ്താല്‍ മാത്രം മതിയോ പോയസ്ഥലങ്ങളും അനുഭവങ്ങളും നാട്ടുകാരുമായി ഷെയര്‍ ചെയ്യണ്ടേ എന്ന ചിന്ത ജാക്കിന്റെ തലയിലുണര്‍ന്നതില്‍  നിന്നാണ് പുതിയൊരു ക്യാമറ വാങ്ങുന്നതും ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യാന്‍ തുടങ്ങുന്നതും. പിന്നെ സംഭവിച്ചത് ജാക്കിനു പോലും അവിശ്വസനീയമായ കാര്യമായിരുന്നു. ഡു യു ട്രാവല്‍ (നിങ്ങള്‍ യാത്ര ചെയ്യാറുണ്ടോ?)എന്ന പേരില്‍ ജാക്ക് ഇന്‍സ്റ്റഗ്രാമില്‍ ആരംഭിച്ച യാത്രാ ബ്ലോഗ് ലോകം മുഴുവനുമുള്ള സഞ്ചാരപ്രേമികളുടെ ഇഷ്ടം പിടിച്ചുപറ്റിയത് ക്ഷണനേരം കൊണ്ടായിരുന്നു.

ഒരു വശത്ത് ജാക്ക് അരങ്ങു തകര്‍ക്കുന്ന അതേ സമയത്ത തന്നെയാണ് ജിപ്‌സീ ലസ്റ്റ് എ്ന്ന ഇന്‍സ്റ്റഗ്രാം സഞ്ചാര ബ്ലോഗും ജനശ്രദ്ധ കവരുന്നത്. ഫോളോവേഴ്‌സ് ക്രമാതീതമായി വര്‍ധിച്ചതോടെയാണ് പ്രമുഖ ബ്രാന്‍ഡുകള്‍ ഇരുവരെയും നോട്ടമിട്ടു. പ്രതിഫലം നല്‍കി തങ്ങള്‍ക്കാവശ്യമുള്ള പോസ്റ്റുകള്‍ ഇവരുടെ ഇന്‍സ്റ്റഗ്രാമിലൂടെ പ്രോമോട്ട ചെയ്യിക്കാന്‍ കമ്പനികള്‍ പരസ്പരം മത്സരിച്ചു. അത്തരമൊരു ജോലിയുടെ ഭാഗമായി ഫിജിയിലെത്തിയപ്പോഴാണ് ജാക്കും ലൗറനും തമ്മില്‍ കണ്ടുമുട്ടുന്നത്. ഒരുമിച്ചുള്ള ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ തങ്ങള്‍ ഒരേവള്ളത്തില്‍ സഞ്ചരിക്കേണ്ടവരാണെന്ന് ഇവര്‍ക്ക് മനസിലായി. അധികം വൈകാതെ തന്നെ ജീവിതത്തിലും യാത്രയിലും ഇവര്‍ ഒന്നിച്ചു സഞ്ചരിക്കാന്‍ തുടങ്ങി. ഇവരെ ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യുന്നത് 30 ലക്ഷം ആളുകളാണ്.
4
ഇവരുടെ ഇന്‍സ്റ്റഗ്രാമിലെ ഒരു പോസ്റ്റിന് ലക്ഷങ്ങളാണ് വില. മൂവായിരം ഡോളറില്‍ താഴെയുള്ള ഒരു ഫോട്ടോ പോലും തന്റെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യാറില്ലെന്ന് ജാക്ക് പറയുന്നു. ഏകദേശം 9000 ഡോളര്‍ വീതം ജാക്കിനും 7500 ഡോളര്‍ ലൗറനും ലഭിക്കുന്നുണ്ടെന്നാണ് ഇവര്‍ പറയുന്നത്. ഒരിക്കല്‍ രണ്ടുദിവസത്തെ ഷൂട്ടിനും അഞ്ച് ഇന്‍സ്റ്റഗ്രാം ചിത്രങ്ങള്‍ക്കുമായി 35,000 ഡോളര്‍ വരെ ഒരു ഫോണ്‍ കമ്പനി നല്‍കിയിട്ടുണ്ടത്രേ. ചെയ്യുന്ന ജോലിയില്‍ അല്‍പം ബിസിനസ് ഉണ്ടെങ്കിലും ചിത്രങ്ങളുടെ  കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ച്ചയ്ക്കും ഇവര്‍ തയ്യാറല്ല. ഏറ്റവും മികച്ച ചിത്രം തന്നെ വേണമെന്നുള്ളത് അവര്‍ക്ക് നിര്‍ബന്ധമാണ്. അതിനുവേണ്ടി എത്രസമയം മിനക്കെടാനും സാഹസികത നടത്താനും തയ്യാര്‍. മാത്രമല്ല പോസ് ചെയ്‌തെടുക്കുന്ന ഫോട്ടോയേക്കാള്‍ യഥാര്‍ത്ഥ ചിത്രങ്ങളായിരിക്കണം അവയെന്നും അവര്‍ക്ക് നിര്‍ബന്ധമാണ്. അവരെത്തുന്ന സ്ഥലത്തെ അവര്‍ നോക്കിക്കാണുന്ന രീതിയില്‍, അവര്‍ അനുഭവിക്കുന്ന രീതിയില്‍ മാത്രമേ ഇരുവരും പോസ്റ്റ് ചെയ്യാറുള്ളൂ.
3
‘ഇത് സ്വപ്‌നതുല്യമാണ്. എല്ലാദിവസവും ചെയ്യാനാഗ്രഹിക്കുന്നത് എന്താണോ അത് ചെയ്യാന്‍ സാധിക്കുന്നു എന്നുള്ളത് വളരെ രസകരമാണ്. മാത്രമല്ല എല്ലാ ഇഷ്ടങ്ങളും ഇതുപോലെ പങ്കുവെക്കാനാകുന്ന ഒരാളെ കണ്ടെത്താനാകുമെന്ന് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല, അതും ലഭിച്ചിരിക്കുന്നു.’ തന്റെ ജീവിതത്തില്‍ സന്തോഷിക്കാന്‍ ഇതിലേറെ എന്തുവേണമെന്ന് ജാക്ക് ചോദിക്കുന്നു. ഇന്തോനേഷ്യയിലെ ബാലിയിലാണ് കമിതാക്കളുടെ താമസം. ജീവിതത്തിലെ സുന്ദരമായ നിമിഷങ്ങള്‍ ഒന്നു പോലും വിടാതെ ജാക്കും ലൗറനും അവരുടെ പ്രണയം തുടരുകയാണ്.

Related posts