ഇടുക്കി: വിനോദ സഞ്ചാരികളുമായി എത്തിയ ട്രാവലര്‍ വീട്ടിലേക്ക് ഇടിച്ചുകയറി ഒരാള്‍ മരിച്ചു. ബൈസണ്‍വാലിയില്‍ ഇന്നലെ രാത്രിയിലായിരുന്നു അപകടം. കര്‍ണാടക സ്വദേശിയായ ജീവന് ഗൗഡ ആണ് മരിച്ചത്. അപകടത്തില്‍ നിന്ന് വീട്ടുകാര്‍ അദ്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.
മൂന്നാര്‍ സന്ദര്‍ശനത്തിനുശേഷം, ചെമ്മണ്ണാര്‍ ഗ്യാപ് റോഡ് വഴി മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് ബൈസണ്‍വാലി പറയന്‍കുഴി ശശിയുടെ വീട്ടിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
മൂന്നാര്‍ ഗ്യാപ് റോഡില്‍ നിന്ന് കുത്തനെയുള്ള ഇറക്കത്തില്‍ കാക്കാകട ഭാഗത്താണ് നിയന്ത്രണം നഷ്ടപെട്ട വാഹനം അപകടത്തില്‍ പെട്ടത്. അഞ്ച് കുട്ടികള്‍ ഉള്‍പ്പടെ 12 പേരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. പരുക്കേറ്റവരെ ഉടന്‍ തന്നെ അടിമാലിയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് ഗൗഡയുടെ ജീവന് രക്ഷിക്കാനായില്ല.
അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റവരെ വിദഗ്ധ ചികിത്സയ്ക്കായി എറണാകുളത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീടിന്റെ മുന്‍ വശത്തേക്കാണ് ട്രാവലര്‍ ഇടിച്ചുകയറിയത്. ഈ സമയം മുന്‍വശത്ത് ഉണ്ടായിരുന്നവര്‍ ഓടി മാറുകയായിരുന്നു. മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന മൂന്ന് ഇരുചക്ര വാഹനങ്ങളും തകര്‍ന്നു. അപകടം നടന്ന ഉടനെ ഓടിയെത്തിയ നാട്ടുകാരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.