ആർ.സൂരജ്
കോഴിക്കോട്: ലോക്ഡൗണ്‍ കാലത്ത് ദേശീയ- അന്തര്‍ദേശീയ വിമാന സർവീസുകള്‍ തുടരുമ്പോഴും സംസ്ഥാനത്തെ ട്രാവല്‍ ഏജന്‍സികള്‍ക്കു പ്രവര്‍ത്തിക്കാന്‍ അനുമതി ലഭിക്കാത്തത് ഏജന്‍സികളേയും തൊഴിലാളികളേയും ഒരുപോലെ ദുരിതത്തിലാക്കുന്നു.
പ്രവാസികൾ വഴിയെത്തുന്ന വിദേശ നാണ്യത്തെ ആശ്രയിച്ച് കഴിയുന്ന സംസ്ഥാനത്ത് ട്രാവല്‍ ഏജന്‍സികള്‍ക്ക് പ്രവര്‍ത്തന അനുമതി നിഷേധിക്കുന്നത് ലക്ഷക്കണക്കിന് പ്രവാസികളോടുള്ള അവഗണനയാണെന്ന് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു.
കഴിഞ്ഞ വര്‍ഷം കോവിഡ് മഹാമാരിയുടെ കാലത്ത് ഏകദേശം പത്തു മാസം ഈ മേഖല പൂര്‍ണമായും സ്തംഭിച്ചിരുന്നു.
എന്നാല്‍ പ്രവാസികളുടെ യാത്ര പുനരാരംഭിച്ചപ്പോള്‍ എയര്‍ ടിക്കറ്റ്, വിസ, ക്വാറന്റൈന് പാക്കേജുകള്‍ തുടങ്ങിയ സർവീസ് ചെയ്യുന്ന ട്രാവല്‍ ഏജന്‍സികള്‍ക്ക് ചെറിയതോതില്‍ വരുമാനം ലഭിച്ചുതുടങ്ങിയിരുന്നു.
എന്നാല്‍ ലോക്ഡൗണും ട്രിപ്പിള്‍ ലോക്ഡൗണും വന്നതോടുകൂടി വീണ്ടും പഴയ അവസ്ഥയിലേക്കു മാറി. കഴിഞ്ഞ ലോക്ഡൗണില്‍ മറ്റു മേഖലകള്‍ക്കു സാന്പത്തിക പാക്കേജ് അനുവദിച്ചപ്പോള്‍ അയ്യായിരത്തോളം ട്രാവല്‍ ഏജന്‍സികളും രണ്ടുലക്ഷത്തില്‍ പരം ജീവനക്കാരുമുള്ള ഈ മേഖലയെ ഉള്‍പ്പെടുത്തിയിരുന്നില്ല.
വിമാനത്താവളങ്ങളും വിമാന സര്‍വീസുകളും പരിമിതമായിട്ടാണെങ്കിലും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പ്രവാസികളുടെ യാത്രസംബന്ധമായ രേഖകള്‍ തയാറാക്കുന്ന ട്രാവല്‍ ഏജന്‍സി ഓഫീസുകള്‍ക്ക് കോവിഡ് മാനദണ്ഡത്തിനനുസരിച്ച് തുറന്ന് പ്രവര്‍ത്തിക്കുന്നതിനുള്ള അനുമതി നല്‍ക്കണമെന്നാണ് ഇവരുടെ ആവശ്യം.
ലോക്ഡൗണ്‍ സമയത്തും ആയിരക്കണക്കിനു പ്രവാസികളാണ് ജീവിതമാര്‍ഗവും തേടി വിദേശ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നത്.
ഭൂരിപക്ഷം യാത്രക്കാരും ട്രാവല്‍ ഏജന്‍സികള്‍ വഴിയാണ് വിദേശങ്ങളിലേക്ക് പോകുന്നത്. സാധാരണക്കാരായ യാത്രക്കാരെ സംബന്ധിച്ചിടത്തോളം ചെറിയൊരു സർവീസ് ചാര്‍ജില്‍ യാതൊരു പ്രയാസവുമില്ലാതെ വിമാന ടിക്കറ്റും പോകുന്ന സ്ഥലങ്ങളിലേ ക്വാറന്റൈന് മുറികളും ബുക്ക്ചെയ്യാന്‍ സാധിച്ചിരുന്നു.
കോവിഡിന്റെ പശ്ചാത്തലത്തില്‍ പല രാജ്യങ്ങളിലേക്കും എയര്‍ ബബിള്‍ കരാര്‍ പ്രകാരമാണ് യാത്ര.
മലയാളികള്‍ പ്രത്യേകിച്ച് മലബാറുകാര്‍ ആശ്രയിക്കുന്ന സൗദി,യുഎഇ, മസ്ക്കറ്റ് തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങളില്‍ യാത്രവിലക്ക് നിലനില്‍ക്കുന്നതിനാല്‍ എയര്‍ ബബിള്‍ കരാര്‍ പ്രകാരം മറ്റു രാജ്യങ്ങളില്‍ 14 ദിവസത്തെ ക്വാറന്റൈന് കാലയളവിനു ശേഷമായിരുന്നു യാത്ര.
ഈ സമയത്തെല്ലാം പ്രവാസികളുടെ യാത്രാ സുരക്ഷയ്ക്കും സാമ്പത്തിക ബാധ്യത കുറയ്ക്കാനും ഒരു പരിധിവരെ സഹായകമായത് ട്രാവല്‍ ഏജസികളായിരുന്നു.
നേപ്പാളിലും മറ്റും കുടുങ്ങിപ്പോയ പ്രവാസികള്‍ക്ക് എയര്‍ ബബിള്‍ കരാര്‍ പ്രകാരം ചാര്‍ട്ടേഡ് വിമാനങ്ങള്‍ സജ്ജീകരിച്ചു നല്കി പോകേണ്ട രാജ്യങ്ങളില്‍ എത്തിച്ചതുപോലും ട്രാവല്ഏജന്സികളായിരുന്നു.