തിരുവനന്തപുരം: ഒന്നാം പിണറായി സർക്കാരിൽ ഏറ്റവും മികച്ച പ്രവർത്തനം നടത്തിയ ആരോഗ്യമന്ത്രി കെ.കെ.ഷൈലജയ്ക്ക് രണ്ടാം ടേമിൽ മന്ത്രിസ്ഥാനമില്ലെന്ന് ഉറപ്പായി.
പുതുമുഖങ്ങൾ മാത്രം മന്ത്രിസഭയിൽ മതിയെന്ന സിപിഎം തീരുമാനമാണ് ഷൈലജയ്ക്ക് തിരിച്ചടിയായത്. ഒരാൾക്ക് മാത്രമായി ഇളവ് നൽകേണ്ടെന്ന് പാർട്ടി നേതൃത്വം തീരുമാനിക്കുകയായിരുന്നു.
സംസ്ഥാന കമ്മിറ്റിയിൽ കോടിയേരി ബാലകൃഷ്ണനാണ് കഴിഞ്ഞ മന്ത്രിസഭയിലെ ആരും വേണ്ടെന്ന തീരുമാനം പ്രഖ്യാപിച്ചത്.
എന്നാൽ ഏഴ് അംഗങ്ങൾ ഷൈലജയ്ക്ക് ഒരവസരം കൂടി നൽകണമെന്ന് ആവശ്യപ്പെട്ടങ്കിലും ഭൂരിപക്ഷം പേരും പുതുമുഖങ്ങൾ എന്ന കോടിയേരിയുടെ നിലപാടിന് ഒപ്പം നിൽക്കുകയായിരുന്നു.
മുതിർന്ന നേതാവും കണ്ണൂർ ജില്ലാ സെക്രട്ടറിയുമായ എം.വി.ജയരാജൻ ഷൈലജയ്ക്ക് പിന്തുണ പ്രഖ്യാപിച്ചതും ശ്രദ്ധേയമായി.
മാത്രമല്ല തോമസ് ഐസക്, ജി.സുധാകരൻ, ഇ.പി.ജയരാജൻ, എ.കെ.ബാലൻ തുടങ്ങി പ്രമുഖരെയെല്ലാം മാറ്റിനിർത്തി മത്സരരംഗത്തിറങ്ങിയ പാർട്ടിക്ക് വലിയ ജനപിന്തുണ ലഭിച്ചെന്നും പാർട്ടി വിലയിരുത്തി.
ടീം പിണറായിക്ക് പുതിയ മുഖം; രണ്ടു വനിതാ മന്ത്രിമാർ
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിൽ എല്ലാവരും പുതുമുഖങ്ങൾ മതിയെന്ന് സിപിഎം സംസ്ഥാന സമിതി തീരുമാനിച്ചു. ആരോഗ്യമന്ത്രി കെ.കെ.ഷൈലജയ്ക്ക് ഇക്കാര്യത്തിൽ ഇളവ് നൽകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും സംസ്ഥാന സമിതി നിലപാട് മാറ്റിയില്ല.
എം.വി.ഗോവിന്ദൻ, കെ.രാധാകൃഷ്ണൻ, കെ.എൻ.ബാലഗോപാൽ, പി.രാജീവ്, വി.എൻ.വാസവൻ, സജി ചെറിയാൻ, വി.ശിവൻകുട്ടി, മുഹമ്മദ് റിയാസ്, ആർ.ബിന്ദു, വീണ ജോർജ്, വി.അബ്ദുറഹ്മാൻ എന്നിവരെയാണ് സംസ്ഥാന സമിതി മന്ത്രിസ്ഥാനത്തേക്ക് നിശ്ചയിച്ചിരിക്കുന്നത്.
വകുപ്പുകൾ തീരുമാനിക്കാൻ മുഖ്യമന്ത്രിയെ നേരത്തെ എൽഡിഎഫ് യോഗം ചുമതലപ്പെടുത്തിയിരുന്നു.
മന്ത്രിസ്ഥാനത്തേക്ക് ഉയർന്നുകേട്ട എം.ബി.രാജേഷിന് സ്പീക്കർ പദവി നൽകാനാണ് സിപിഎമ്മിൽ ധാരണയായത്.
മുൻമന്ത്രി കെ.കെ.ഷൈലജ പാർട്ടി വിപ്പായി നിയമസഭയിൽ പ്രവർത്തിക്കും. മുൻ എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണനെ പാർലമെന്ററി പാർട്ടി സെക്രട്ടറിയായും സംസ്ഥാന സമിതി തീരുമാനിച്ചു.
പിബി അംഗങ്ങളായ എസ്.രാമചന്ദ്രൻപിള്ള, പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണൻ, എം.എ.ബേബി എന്നിവരുടെ സാന്നിധ്യത്തിലാണ് സംസ്ഥാന സമിതി യോഗം നടന്നത്.