പത്തനംതിട്ട: സാന്പത്തിക ഞെരുക്കത്തിന്റെ പേരിൽ ട്രഷറികളിൽ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണം ത്രിതല പഞ്ചായത്തുകളുടെ പദ്ധതി പ്രവർത്തനങ്ങളെ സാരമായി ബാധിച്ചു. പഞ്ചായത്തുകളുടെ കോടികണക്കിനു രൂപയുടെ ബില്ലുകൾ ട്രഷറികളിൽ കെട്ടിക്കിടക്കുകയാണ്. 50,000 രൂപയ്ക്കു മുകളിലുള്ള ചെക്കുകൾ ട്രഷറികളിൽ നിന്നു പാസാകുന്നില്ല.
സാന്പത്തികവർഷം അവസാനിക്കാൻ ഒരുമാസം മാത്രം ബാക്കിനിൽക്കേ ട്രഷറികളിൽ നിലനിൽക്കുന്ന നിയന്ത്രണങ്ങൾ കാരണം തദ്ദേശ സ്ഥാപനങ്ങൾ ഇക്കൊല്ലം പൂർത്തിയാക്കാൻ ലക്ഷ്യമിട്ട പദ്ധതികളെയാണ് സാരമായി ബാധിച്ചത്. സംസ്ഥാനത്തു തന്നെ പദ്ധതി വിഹിതത്തിന്റെ 43 ശതമാനം തുക പോലും തദ്ദേശസ്ഥാപനങ്ങൾക്കു ചെലവഴിക്കാനായിട്ടില്ല.
സംസ്ഥാന സർക്കാരിന്റെ പ്രസ്റ്റീജ് പദ്ധതിയായ ലൈഫ്മിഷൻ പ്രവർത്തനങ്ങളെ പോലും ട്രഷറി നിയന്ത്രണം ബാധിച്ചിരിക്കുകയാണ്. ലൈഫ് മിഷന്റെ മൂന്നാംഘട്ടത്തിൽ പദ്ധതി സമർപ്പിച്ച തദ്ദേശസ്ഥാപനങ്ങൾക്കു മുന്നോട്ടു പോകാനാകാത്ത സ്ഥിതിയാണ്.
പ്രളയപുനരധിവാസ പദ്ധതിയായ റീ ബിൽഡ് കേരളയിൽ ഉൾപ്പെടുത്തി നടത്തേണ്ട ജോലികളടക്കം സ്തംഭനാവസ്ഥയിലാണ്. നേരത്തെ പൂർത്തീകരിച്ച ജോലികളുടെ ബില്ലുകളുമായി കരാറുകാർ ട്രഷറികൾ കയറിയിറങ്ങുകയാണ്.
ചെയ്തു തീർത്തി ജോലികളുടെ പണം ലഭിക്കാതെ വന്നതോടെ പുതിയ ജോലികൾ ഏറ്റെടുക്കേണ്ടതില്ലെന്ന നിലപാടിലാണ് കരാറുകാർ. ഇതോടെ ജില്ലാ പഞ്ചായത്തിന്േറതടക്കം കരാർ ക്ഷണിച്ച ജോലികളിൽ 75 ശതമാനവും ടെൻഡറായിട്ടില്ല.
റോഡുവികസനം, ജലവിതരണ പദ്ധതി തുടങ്ങിയ ജോലികളാണ് അവതാളത്തിലായത്. ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണം, റീ ടാറിംഗ് ജോലികളാണ് ജില്ലാ പഞ്ചായത്ത് പദ്ധതികളിൽ ഏറെയുണ്ടായിരുന്നത്.