യൂറോപ്യൻ രാജ്യമായ ഉക്രെയിന്റെ തലസ്ഥാനമാണ് കീവ്. കീവിൽനിന്ന് കിലോമീറ്ററുകൾ മാറി സ്ഥിതിചെയ്യുന്ന ഒറ്റപ്പെട്ട ഗ്രാമമാണ് കിലോ. ഈ ഗ്രാമത്തോടുചേർന്ന് സ്ഥിതിചെയ്യുന്ന കാട്ടിൽ തേനെടുക്കാൻ പോയതായിരുന്നു കുറച്ചു ഗ്രാമവാസികൾ. അവിടെ ഒരു കാഴ്ച കണ്ട് അവർ ഞെട്ടി. കാടിന്റെ അതിർത്തിയോടുചേർന്നുള്ള സ്ഥലത്ത് 12 ശവപ്പെട്ടികൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ കിടക്കുന്നു. ഗ്രാമവാസികൾ ഉടൻ പോലീസിൽ വിവരം അറിയിച്ചു.
ഒരു ദിവസം നീണ്ടുനിന്ന അന്വേഷണത്തിനൊടുവിൽ പോലീസ് ശവപ്പെട്ടികൾ കാട്ടിൽ കൊണ്ടുപോയി ഇട്ടയാളെ പിടികൂടി. ആന്ദ്രെ സെൽവെട്രോ എന്ന മനഃശാസ്ത്രജ്ഞനായിരുന്നു അത്. ചോദ്യംചെയ്യലിൽ ആ ശവപ്പെട്ടികൾ തന്റെ ഒരു പ്രത്യേക മനഃശാസ്ത്ര ചികിത്സയ്ക്കുവേണ്ടി ഉപയോഗിച്ചതാണെന്ന് അദ്ദേഹം വെളിപ്പെടുത്തി.
മാനസിക സമ്മർദ്ദങ്ങളുമായി എത്തുന്നവരെ കാട്ടിൽകൊണ്ടുവന്ന് ശവപ്പെട്ടിയിലാക്കി രണ്ടു മണിക്കൂർ മണ്ണിനടിയിൽ കുഴിച്ചിടുന്നതാണ് വിചിത്ര ചികിത്സാ രീതി. പെട്ടിക്കുള്ളിൽ കിടക്കുന്നവർക്ക് ശ്വസിക്കാനായി പുറത്തേക്ക് ഒരു പൈപ്പും സ്ഥാപിക്കും. ഇതുവരെ 12 പേരിൽ ഈ ചികിത്സാ രീതി നടപ്പാക്കിയിട്ടുണ്ടെന്നും അവയെല്ലാം വിജയകരമായിരുന്നുവെന്നും മനഃശാസ്ത്രജ്ഞൻ അവകാശപ്പെടുന്നു.
ഷൂട്ട് ചെയ്തുവച്ചിരുന്ന ചികിത്സാ രീതിയുടെ കുറച്ചു ദൃശ്യങ്ങളും അദ്ദേഹം പോലീസിനു കൈമാറി. ആളുകൾക്ക് തങ്ങൾ ശരിക്കും ജീവിച്ചിരിക്കുന്നുവെന്ന് ബോധ്യപ്പെടുത്തി കൊടുക്കാൻ ഈ തെറാപ്പി സഹായിക്കുമത്രേ.
ഏതായാലും ആന്ദ്രെയുടെ ചികിത്സയിലൂടെ കടന്നുപോയ ചിലരെയും പോലീസ് ചോദ്യം ചെയ്തു. അവരെല്ലാം ഇദ്ദേഹത്തിന്റെ ചികിത്സാ രീതിയിൽ പൂർണ തൃപ്തരാണെന്ന് പോലീസിനെ അറിയിച്ചു. അതോടെ കാട്ടിൽ ശവപ്പെട്ടികൾ കണ്ടെത്തിയ കേസ് പോലീസ് ഉപേക്ഷിക്കുകയും ചെയ്തു.