മനുഷ്യര്‍ക്ക് തങ്ങളുടെ ജീവിതത്തില്‍ സ്‌നേഹമുണ്ടാവുക മറ്റു മനുഷ്യരോടു മാത്രമല്ല, തങ്ങളുടെ ജീവിതത്തില്‍ സ്വാധീനം ചെലുത്തിയ പല സഹജീവികളോടും മനുഷ്യന്‍ അഗാധമായ ഹൃദയബന്ധം വച്ചു പുലര്‍ത്താറുണ്ട്. അങ്ങനെയൊരു കഥയാണ് മാഞ്ചസ്റ്റര്‍ സ്വദേശിനി മാര്‍ഗരറ്റ് ഹാരിസിനും പറയാനുള്ളത്. വര്‍ഷങ്ങള്‍ക്കു ശേഷം തങ്ങളുടെ പഴയവീട്ടിലേക്കു തിരിച്ചുവരുമ്പോള്‍ മാര്‍ഗരറ്റ് അമ്മൂമ്മയ്ക്ക് ഒറ്റ ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ. തങ്ങളുടെ മൂന്നു തലമുറയെ തണല്‍ തന്നു സ്‌നേഹിച്ച അരുമവൃക്ഷത്തെ ഒന്നുകൂടി കണ്‍കുളിര്‍ക്കെ കാണുക. എന്നാല്‍ സ്ഥലത്തെത്തിയ അമ്മൂമ്മയുടെ കണ്ണു നിറഞ്ഞുപോയി, ഇനിയൊരാള്‍ക്കും തണലൊരുക്കാനാവാത്തവണ്ണം ആ വൃക്ഷരാജന്‍ മരിച്ചിരുന്നു.
അവിടെ അവശേഷിച്ചിരുന്നത് മരത്തിന്റെ കുറ്റി മാത്രമായിരുന്നു. ഹൃദയം തകര്‍ന്ന അമ്മൂമ്മയെ ഒപ്പമുണ്ടായിരുന്ന ചെറുമകള്‍ കാര്‍ലി യേറ്റ്‌സ് ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു. 1990ല്‍ ഇവിടെ താമസം തുടങ്ങിയ മാര്‍ഗരറ്റിന്റെ കുടുംബം 2012ല്‍ ഗ്രേറ്റര്‍ മാഞ്ചസ്റ്ററിലെ സാല്‍സ്‌ഫോര്‍ഡിലേക്കു താമസം മാറുകയായിരുന്നു. അതിനു ശേഷം ഇപ്പോഴാണ് ഇവിടേക്കു വരുന്നത്.
വല്ലാതെ ഉയരം വച്ചിരുന്ന മരം രോഗബാധിതമായിരുന്നതിനാല്‍ ഹൗസിംഗ് അസോസിയേഷന്റെ നിര്‍ബന്ധം മൂലം മുറിച്ചുമാറ്റുകയായിരുന്നു. എന്നാല്‍ മരം മുറിക്കുന്ന വിവരം ഇവരോടു പറഞ്ഞതുമില്ല. ഇവരെത്തുമ്പോള്‍ 440 രൂപയുടെ ശുചീകരണ ബില്‍ മാത്രം അവിടെ അവശേഷിച്ചു. മരത്തിന്റെ കുറ്റി നീക്കം ചെയ്യണമെങ്കില്‍ ഇനിയും 750 പൗണ്ട് കൂടി ചെലവാക്കണമെന്നാണ് അമ്മൂമ്മ പറയുന്നത്. ഗാര്‍ഡനിംഗ് തന്റെ അഭിനിവേശമാണെന്നും ഇവിടെ താമസിക്കാന്‍ തുടങ്ങിയ അന്നു മുതല്‍ പലവിധ വൃക്ഷങ്ങള്‍ ഇവിടെ വളര്‍ത്താന്‍ താന്‍ ശ്രദ്ധിച്ചിരുന്നുവെന്നും മാര്‍ഗരറ്റ് പറയുന്നു. ഈ തോട്ടം തന്നില്‍ വളരെയധികം മധുരസ്മരണകള്‍ ഉണര്‍ത്തുന്നുണ്ടെന്നും മാര്‍ഗരറ്റ് പറയുന്നു.
ഈ മരം മുറിച്ചത് കണ്ടപ്പോള്‍ തന്റെ ഹൃദയമാണ് തകര്‍ന്നതെന്നും മരത്തിന്റെ അഭാവം അവിടെ വല്ലാത്തൊരു ശൂന്യതയാണ് സൃഷ്ടിച്ചതെന്നും പറയുമ്പോള്‍ മുത്തശിയുടെ കണ്ണുകള്‍ വിദൂരതയിലേക്കു പോകുന്നു. ആ മരമൊരുക്കിയ പൂമെത്തയ്ക്കു മുകളില്‍ കിടന്നതിന്റെ ഓര്‍മകള്‍ അപ്പോള്‍ മുത്തശിയുടെ മനസില്‍ കടന്നു വന്നിരിക്കാം.