ഇരിങ്ങാലക്കുട: ശക്തിയായി കാറ്റടിച്ചാൽ ഇരിങ്ങാലക്കുട ഈവനിംഗ് മാർക്കറ്റിലെ കടക്കാരുടെയും പൊതുജനങ്ങളുടെയും നെഞ്ചിൽ തീ ഉയരും, തലയ്ക്കു മുകളിലെ അപകടം വിതയ്ക്കുന്ന “മര ബോംബ്’ എപ്പോഴാണ് അപകടം വിത യ്ക്കുന്നതറിയില്ല. മഴയും കാറ്റും കനത്തതോടെ അപകടഭീഷണിയായി മാറുകയാണ് ഇരിങ്ങാലക്കുട ബസ് സ്റ്റാൻഡിനു സമീപത്തെ ഈവനിംഗ് മാർക്കറ്റിലെ തണൽ മരങ്ങൾ.
തണൽ മരങ്ങളുടെ ഭാരമേറിയ ചില്ലകൾ മിക്കതും ഭാരം കൂടി താഴേക്ക് വളഞ്ഞ് തൂങ്ങി നിൽക്കുകയാണ്. മരത്തിന്റെ ശാഖകൾ പലതവണ പൊട്ടിവീഴുകയും ചെയ്തിട്ടുണ്ട്. മാർക്കറ്റിനുള്ളിലെ കടകൾക്കു മുകളിലേക്കാണു മരങ്ങൾ ചാഞ്ഞുനിൽക്കുന്നത്.
വനം വകുപ്പിന്റെ നേതൃത്വത്തിൽ പരിശോധന നടത്തിയതിനുശേഷം മാത്രമേ മരം മുറിച്ചു മാറ്റുന്നതിനുള്ള നടപടിക്രമങ്ങൾ പാലിക്കാൻ കഴിയൂ. എന്നാൽ പല സ്ഥലങ്ങളിലും മരങ്ങൾ കടപുഴകി വീണതോടെ ഈവനിംഗ് മാർക്കറ്റിലെ കടകളിൽ ജോലി ചെയ്യുന്നവരും ഇവിടെയെത്തുന്ന നൂറുകണക്കിനു പൊതുജനങ്ങളും ഏറെ ഭീതിയിലാണ്.
വലിയ ശിഖരങ്ങളുമായി തല ഉയർത്തി നിൽക്കുന്നവയിലേറെയും പെട്ടെന്ന് പൊട്ടി വീഴുന്നതിനു സാധ്യതയുള്ളവയാണെന്നാണു നാട്ടുകാരുടെ പരാതി. ഇതിനു സമീപമാണു ട്രഷറിയും പ്രവർത്തിക്കുന്നത്. മരം മുറിക്കാനുള്ള നടപടി ക്രമങ്ങൾ വൈകുന്നത് ദുരന്തമുണ്ടാകാനുള്ള സാധ്യത വർധി പ്പിക്കുകയാണെന്നും മരം മുറിച്ചു നീക്കണമെന്നും മാർക്കറ്റിലെ കച്ചവടക്കാർ ആവശ്യപ്പെട്ടു.