പൊൻകുന്നം: ചിറക്കടവ് മഹാദേവക്ഷേത്രത്തിന്റെ ഗോപുരത്തിന് സമീപമുള്ള വർഷങ്ങൾ പഴക്കമുള്ള ആൽവൃക്ഷം ചില്ലകളുണങ്ങി അപകടഭീഷണിയായി. പൊൻകുന്നം – പുനലൂർ സംസ്ഥാനപാതയുടെ പുറമ്പോക്കിലാണ് മരം.
നിരവധി യാത്രക്കാർ ബസ് കാത്തുനിൽക്കുന്ന ഭാഗത്തെ ആൽമരം അടിയന്തരമായി മുറിച്ചില്ലെങ്കിൽ കാറ്റിലും മഴയിലും വലിയ ശിഖരങ്ങൾ ഒടിഞ്ഞുവീഴാൻ സാധ്യതയേറെയാണ്.
മരം മുറിച്ച് അപകടഭീഷണി ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ക്ഷേത്ര ഉപദേശകസമിതി പൊതുമരാമത്ത് വകുപ്പിന് പരാതി നൽകിയിട്ടുണ്ടെന്ന് വൈസ്പ്രസിഡന്റ് അഭിലാഷ് ചന്ദ്രൻ പറഞ്ഞു. പൊതുമരാമത്ത് വകുപ്പ് സോഷ്യൽ ഫോറസ്ട്രി വകുപ്പിന്റെ അനുമതി തേടിയിട്ടുണ്ടെന്നും പറഞ്ഞു.
എന്നാൽ, ആൽമരത്തിന് പുതുജീവൻ നൽകാനാവുമോയെന്ന് പരിശോധിക്കാൻ വൃക്ഷവൈദ്യൻ കെ. ബിനു സ്ഥലത്തെത്തിയിരുന്നു. ഉണങ്ങാത്ത ശിഖരങ്ങളുള്ളതിനാൽ വൃക്ഷം ചുവടെ മുറിച്ചുകളയേണ്ട ആവശ്യമില്ലെന്ന് ജില്ലാ ട്രീ അഥോറിറ്റി അംഗം കൂടിയായ ബിനു നിർദേശിച്ചു.
ആറടി ഉയരത്തിൽ മുറിച്ചുനിർത്തിയാൽ വൃക്ഷായുർവേദ ചികിത്സയിലൂടെ ആൽമരത്തിന് പുതിയ കിളിർപ്പുകൾ ഉണ്ടാവുമെന്നും തണലായി വളർന്നുവരുമെന്നും കെ. ബിനു പറഞ്ഞു.