തൊടുപുഴ: മരം മുറിക്കാൻ കയറി ശിഖരത്തിനിടയിൽ കാൽ കുടുങ്ങിയയാളെ ഫയർഫോഴ്സ് സാഹസികമായി രക്ഷപ്പെടുത്തി. പടി. കോടിക്കുളം വെള്ളംചിറ ചെറുവീട്ടിൽ സോമൻ (57) ആണ് ഇന്നലെ രാവിലെ 80 ഇഞ്ചോളം വണ്ണമുള്ള ആഞ്ഞിലി മരത്തിനു മുകളിൽ കുടുങ്ങിക്കിടന്നത്. രാവിലെ പത്തോടെ കൊടുവേലി പൂച്ചാലിൽ ജോണിന്റെ വീട്ടുവളപ്പിലെ മരത്തിന്റെ ശിഖരം മുറിക്കാനാണ് മരംവെട്ടു തൊഴിലാളിയായ സോമൻ വൃക്ഷത്തിൽ കയറിയത്.
ശിഖരം മുറിക്കുന്നതിനിടയിൽ താഴെ നിന്ന് 40 അടിയോളം ഉയരത്തിൽ രണ്ടു വലിയ ശിഖരങ്ങൾക്കിടയിൽ കാൽ കുടുങ്ങുകയായിരുന്നു. കാൽ വലിച്ചെടുക്കാൻ ശ്രമിക്കുന്നതിനിടയിൽ താഴേക്ക് ഊർന്നു പോയി. ഇതോടെ കാൽ പുറത്തെടുക്കാനും താഴേക്ക് ഇറങ്ങാനും കഴിയാതെ കൂടുതൽ അപകടാവസ്ഥയിലായി. മരത്തിലിരുന്നുള്ള സോമന്റെ നിലവിളി കേട്ടതോടെ വീട്ടുകാർ ഓടിയെത്തി തൊടുപുഴ ഫയർഫോഴ്സിനെ വിരമറിയിച്ചു.
തൊടുപുഴയിൽ നിന്നും ഫയർഫോഴ്സ് എത്തി ഏണി വച്ചു കയറിയെങ്കിലും കാൽ ശിഖരങ്ങൾക്കിടയിൽ നിന്നും പുറത്തെടുക്കുക ദുഷ്കരമായിരുന്നു. ഇതിനിടെ സോമന് ശാരീരിക അസ്വാസ്ഥ്യവും അനുഭവപ്പെട്ടു. ഇതോടെ സുരക്ഷിതത്വത്തിനായി ഇയാളെ മരത്തോട് ചേർത്ത് കെട്ടി നിർത്തി. വടം കെട്ടി മരത്തിന്റെ ശിഖരങ്ങൾ വലിച്ച് മാറ്റിയതോടെ കാൽ പുറത്തെടുത്തു. പിന്നീട് സോമനെ സുരക്ഷിതമായി ഏണിയിലൂടെ താഴെയെത്തിക്കുകയായിരുന്നു.
താഴെയെത്തിയ ഉടൻ സോമന് പ്രഥമ ശുശ്രൂഷ നൽകി. ശിഖരങ്ങൾക്കിടയിൽ കുടുങ്ങിയെങ്കിലും കാലിന് കാര്യമായ പരിക്കേറ്റില്ല. അരമണിക്കൂറോളം സമയമെടുത്താണ് ഫയർഫോഴ്സ് രക്ഷാപ്രവർത്തനം പൂർത്തിയാക്കിയത്. ഫയർമാൻ സജീവനാണ് ഏണിയിൽ കയറി സോമനെ സാഹസികമായി താഴെയെത്തിച്ചത്. ഡിംഗ് ഫയർമാൻമാരായ ബെൽജി വർഗീസ്, മുരുകൻ, ഫയർമാൻമാരായ നാസർ, ജിനേഷ്, ഷിന്റോ, വിജിൻ, ഹരീഷ് എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.