മൂലമറ്റം: മൂലമറ്റം കെഎസ്ആർ ടി സി ബസ്സ്റ്റാൻഡ് പരിസരത്ത് അപകട ഭീഷണിയായി നിൽക്കുന്ന വൻമരങ്ങൾ വെട്ടിമാറ്റണമെന്ന ജില്ലാ കളക്ടറുടെ ഉത്തരവ് നടപ്പാക്കാതെ പൊതുമരാമത്ത് വകുപ്പ് അധികൃതർ.
അഡ്വ.ടോം മാത്യു നൽകിയ പരാതിയിലാണ് കളക്ടർ ഇടപെട്ടത്. എന്നാൽ കളക്ടറുടെ ഉത്തരവ് നടപ്പിലാക്കേണ്ട പൊതുമരാമത്ത് വകുപ്പധികൃതർ അനങ്ങാപ്പാറ നയം തുടരുകയാണ്. കെ എസ് ആർടിസി ബസ്സ്റ്റാൻഡ്, എസ് ബി ഐ, കെ എസ്ഇബി കോ-ഓപ്പറേറ്റീവ് സൊസൈറ്റി, ഓട്ടോ സ്റ്റാൻഡ്, വ്യാപാര സ്ഥാപനങ്ങൾ എന്നിവയ്ക്ക് വൻമരങ്ങൾ ഭീഷണിയാണ്.
കഴിഞ്ഞ ദിവസം മൂലമറ്റത്ത് ഉണ്ടായ ശക്തമായ കാറ്റിൽ നിരവധിയിടങ്ങളിൽ മരങ്ങൾ മറിഞ്ഞ് വീണിരുന്നു. മൂലമറ്റം വഴി വാഗമണ്ണിലേക്ക് കടന്നുപോകുന്ന വാഹനങ്ങൾ ഈ വൻ മരത്തിന്റെ സമീപത്തുകൂടിയാണ് സഞ്ചരിക്കുന്നത്.
പതിപ്പിള്ളി, മണപ്പാടി,കണ്ണിക്കൽ, ഇലപ്പള്ളി, എടാട് തുടങ്ങിയ പ്രദേശങ്ങളിലെ സ്കൂൾ കുട്ടികളും നാട്ടുകാരും ഇതുവഴിയാണ് സഞ്ചരിക്കുന്നത്. പതിറ്റാണ്ടുകൾ പഴക്കമുള്ള മരങ്ങൾ ശക്തമായ കാറ്റിനെ അതിജീവിക്കാനുള്ള സാധ്യത കുറവാണ്.
വലിയൊരു ദുരന്തം ഒഴിവാക്കാനാണ് കളക്ടർ അടിയന്തരമായി പ്രശ്നത്തിൽ ഇടപെട്ടത്. ദുരന്തനിവാരണ നിയമമനുസരിച്ച് അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ വെട്ടിമാറ്റണമെന്ന് കളക്ടർ നിർദ്ദേശം നൽകിയിട്ടും അത് പാലിക്കേണ്ട അധികൃതർ കുറ്റകരമായ അലംഭാവമാണ് തുടരുന്നതെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്.