മരങ്ങളുടെ ചില്ലകള്‍ പോലെയായിരുന്നു അബ്ദുള്‍ ബജന്‍ദാര്‍ എന്ന എന്ന ബംഗ്ലാദേശി യുവാവിന്റെ കൈകള്‍. കാലുകളാകട്ടെ മണ്ണില്‍ ആഴ്ന്നിറങ്ങുന്ന മരവേരുകള്‍ പോലയും. കൈകാലുകളില്‍ ’മരങ്ങള്‍’ വളര്‍ന്നതോടെ മരവിച്ച മനസുമായി നാളുകള്‍ തള്ളിനീക്കിയിരുന്ന 27കാരനായ അബ്ദുളിന് ഇനി സാധാരണ ജീവിതം നയിക്കാം. സങ്കീര്‍ണമായ 16 ശസ്ത്രക്രിയകളിലൂടെ, അത്യപൂര്‍വരോഗമായ ’ട്രീമാന്‍ ഡിസീസ്’ ബാധിച്ച അബ്ദുളിനെ സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നിരിക്കുകയാണ് ഡോക്ടര്‍മാര്‍. ധാക്കയിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലാണ് അപൂര്‍വ ശസ്ത്രക്രിയ നടന്നത്.
ലോകത്തില്‍ ഇന്നുവരെ നാലുപേര്‍ക്കുമാത്രം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്ന എപ്പിഡര്‍മോഡിസ്പ്ലാസിയ എന്ന ഗുരുതര രോഗമാണ് ഒരു വര്‍ഷം മുമ്പ് അബ്ദുളിനെ പിടികൂടിയത്. മരങ്ങളേടേതുപോലെ കൈകാലുകളുടെ അഗ്രഭാഗങ്ങള്‍ വളര്‍ന്ന് വിരൂപമാകുന്നതിനാല്‍ ട്രീമാന്‍ ഡിസീസെന്നാണ് ഈ അപൂര്‍വ രോഗം അറിയപ്പെടുന്നത്.
ചരിത്രത്തിലാദ്യമായാണ് ഈ രോഗം ബാധിച്ച ഒരാള്‍ ശസ്ത്രക്രിയയിലൂടെ സുഖപ്പെടുന്നതെന്ന് ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയ ഡോ. സമന്‍താ ലാല്‍ സെന്‍ പറഞ്ഞു. റിക്ഷാ െ്രെഡവറായിരുന്ന അബ്ദുള്‍ രോഗം ഗുരുതരമായതോടെ ജോലിക്ക് പോകാന്‍ കഴിയാത്ത സ്ഥിതിയിലായിരുന്നു. അസുഖം ഭേദമായതില്‍ അത്യന്തം സന്തോഷമുണ്ടെന്നും മകളെ ഇനിയൊരിക്കലും തന്റെ കൈകളാല്‍ തലോടാന്‍ കഴിയുമെന്ന് കരുതിയതല്ലെന്നും അബ്ദുള്‍ പറഞ്ഞു. ചില ശസ്ത്രക്രിയകള്‍ കൂടി നടത്താനുണ്ടെന്നും അതുകൂടി കഴിഞ്ഞാല്‍ ഒരു മാസത്തിനുള്ളില്‍ അബ്ദുളിന് ആശുപത്രി വിടാമെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.