അധികാരത്തിന്റെ കസേര കൈയാളിക്കളിഞ്ഞാൽ ആജ്ഞാപനത്തിന്റെ രുചി മാത്രം അറിയാവുന്നവരാണ് ഭൂരിഭാഗം നേതാക്കളും. എന്നാൽ അത്തരക്കാരിൽ നിന്നും പൂർണമായും വ്യത്യസ്തനാകുകയാണ് മിസോറാമിലെ ഡെപ്യൂട്ടി സ്പീക്കർ പു ലാൽറിനാവ്മ.
തന്റെ നിയമസഭാ മണ്ഡലമായ തുയിഖാമിലേക്കുള്ള സന്ദർശനത്തിനിടെ യാത്രയ്ക്കു തടസമായി വഴിക്കു കുറുകെ കിടന്ന മരം അദ്ദേഹം കോടാലി ഉപയോഗിച്ച് വെട്ടിമുറിച്ചു മാറ്റുകയായിരുന്നു.
തുയിഖാമിൽ നിന്നും രണ്ട് പ്രാവശ്യം എംൽഎ ആയി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള പു ലാൽറിനാവ്മ എഞ്ചിനീയറിംഗ് ബിരുദധാരിയാണ്. അധികാരത്തിന്റെ ഉന്നതിയിൽ എത്തിയിട്ടും സാധാരണക്കാരായ ജനങ്ങൾക്കു വേണ്ടി ജീവിക്കുന്ന പു ലാൽറിനാവ്മയുടെ പ്രവൃത്തിയെ ഇരുകൈയും നീട്ടിയാണ് മിസോറാമിലെ ജനങ്ങൾ സ്വീകരിക്കുന്നത്.
വഴിയിലെ മരം അദ്ദേഹം വെട്ടി മാറ്റുന്നതിന്റെ ദൃശ്യങ്ങൾ ഇതിനോടകം തന്നെ വൈറലായി മാറുകയാണ്. അദ്ദേഹത്തിന്റെ പ്രവൃത്തിയെ പ്രശംസിച്ച് നിരവധിയാളുകൾ രംഗത്തെത്തിയിട്ടുണ്ട്.