മെക്സിക്കോയിലെ ഒക്സാക്ക നഗരത്തിൽ കഴിഞ്ഞ ദിവസം ഒരു സമൂഹവിവാഹം നടന്നു. പതിവു കല്യണങ്ങൾക്കുള്ളതുപോലെ വെളുത്ത വസ്ത്രങ്ങളൊക്കെ അണിഞ്ഞ് സുന്ദരിമാരായാണ് മണവാട്ടിമാർ വിവാഹവേദിയിലേക്ക് എത്തിയത്. ഒക്സാക്കയിലെ ഒരു പാർക്കായിരുന്നു വിവാഹ വേദി. വരന്മാരാകട്ടെ ഇവിടത്തെ മരങ്ങളും.
പ്രകൃതി സംരക്ഷണത്തിന്റെ ആവശ്യകതയെക്കുറിച്ച് ജനങ്ങളെ ബോധവത്ക്കരിക്കാനാണ് ഈ മരക്കല്യാണം നടത്തിയത്. പ്രകൃതി സംരക്ഷണ സംഘടനകളിൽ പ്രവർത്തിക്കുന്നവരാണ് ഈ മരങ്ങളെ വിവാഹം ചെയ്യാൻ മുന്നോട്ടുവന്നത്.പ്രകൃതിയെ സ്വന്തം കുടംബമായിക്കണ്ട് സംരക്ഷിക്കേണ്ടതും അതിനെ ചൂഷണം ചെയ്യുന്നത് തടയേണ്ടതും കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് മണവാട്ടിമാരിൽ ഒരാളായ റോസ പാർക്ക്സ് പറഞ്ഞു.
പുരാതന അമേരിക്കൻ സാമ്രാജ്യമായിരുന്ന ഇൻക സംസ്കാരമനുസരിച്ചാണ് വിവാഹച്ചടങ്ങുകൾ നടന്നത്. അഭിനേതാവും പരിസ്ഥിതി പ്രവർത്തകനുമായ റിച്ചാർഡ് ടോറസ് വിവാഹ ചടങ്ങുകൾക്ക് മുഖ്യകാർമികത്വം വഹിച്ചു. വിവാഹാഘോഷങ്ങളുടെ ഭാഗമായി നൂറുകണക്കിന് വൃക്ഷത്തൈകളും നട്ടുപിടിപ്പിച്ചു.