നമ്മുടെ നാട്ടിലും സ്ഥലത്തിന്റെ അതിരിൽ നിൽക്കുന്ന മരത്തെച്ചൊല്ലിയും മരത്തിൽനിന്നു മുറ്റത്തേക്കും പറന്പിലേക്കും വീഴുന്ന ഇലകളെക്കുറിച്ചുമൊക്കെ തർക്കങ്ങളും വഴക്കുകളും ഉണ്ടാകാറുണ്ട്.
മരം മൊത്തമായി വെട്ടിയോ ശിഖരങ്ങൾ മുറിച്ചോ ഒക്കെയാണ് പരിഹാരം. പക്ഷേ, അങ്ങു വാട്ടർതോർപ് എന്ന സ്ഥലത്തെ അയൽക്കാർ തമ്മിൽ നടന്ന വഴക്കിന്റെ അവസാനം കണ്ടാൽ ചിരിയും വരും എന്തൊരു ക്രൂരത എന്നും തോന്നും.
നല്ല അയൽക്കാർ
56 കാരനായ ഭാരത് മിസ്ട്രിയുടെയും കുടുംബത്തിന്റെയും അയൽവാസികളാണ് ലീ ഗ്രഹാമും ഭാര്യ ഐറിനും. മിസ്ട്രിയുടെ വീടിന്റെ മുറ്റത്തെ ലോണിൽ 25 വർഷമായി 16 അടി ഉയരമുള്ള ഒരു ഫിർ ട്രീ നിൽപ്പുണ്ട്.
കഴിഞ്ഞ മാർച്ച് വരെ ഈ മരം മോനഹരമായി ആർക്കും ശല്യമില്ലാതെ അങ്ങനെ നിന്നു. എന്നാൽ, കഴിഞ്ഞ മാർച്ചിൽ ലീ ആദ്യമായി മരങ്ങളെക്കുറിച്ചു പരാതിപ്പെടാൻ തുടങ്ങി.
കഴിഞ്ഞയാഴ്ചയോടെ കാര്യങ്ങൾ കുഴഞ്ഞുമറിഞ്ഞു- മിസ്ട്രി പറഞ്ഞു.
അതിനു ശേഷം ലീ ദന്പതികൾക്കു മരത്തെക്കുറിച്ചു പരാതിയൊഴിഞ്ഞ നേരമില്ല. നിരവധി പരാതികൾക്കൊടുവിൽ അവർ ഒരു പരിഹാരം കണ്ടു.
മരത്തിന്റെ ശിഖരങ്ങളെ നേർ പകുതിയങ്ങ് മുറിച്ചു. മരത്തിന്റെ ഇപ്പോഴത്തെ നില്പ്പുകണ്ടാൽ ആരും സഹിക്കില്ല. സംഭവം സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയാവുകയും ചെയ്തു.
മരത്തിലാകെ പക്ഷികൾ
മരത്തിൽ ധാരാളം പക്ഷികൾ വന്നിരിക്കുകയും അവ ബഹളംകൂട്ടുകയും ചെയ്യുന്നുവെന്നതായിരുന്നു ലീ ദന്പതിമാരുടെ ആദ്യത്തെ പരാതി.
സ്വസ്ഥമായി ഇരിക്കാനോ ഉറങ്ങാനോ പറ്റുന്നില്ലെന്നായി അവരുടെ ആക്ഷേപം. അടുത്ത പ്രശ്നം കാറിനു മുകളിലേക്കു മരത്തിൽനിന്ന് ഇലകൾ വീഴുന്നു എന്നതായിരുന്നു.
എന്നാൽ, പ്രോജക്റ്റ് മാനേജരായി ജോലി ചെയ്യുന്ന മിസ്ട്രി പറയുന്നത് കഴിഞ്ഞ 25 വർഷമായി മരം ഇവിടെയുണ്ട്. അയൽക്കാരന്റെ സമ്മതത്തോടെയാണ് ഞങ്ങൾ ഒരു പന്ത് ആകൃതിയിലേക്കു മരത്തെ വെട്ടിയൊരുക്കിയതും.
അദ്ദേഹവും അതിനായി ഞങ്ങൾക്കൊപ്പം കൂടിയിരുന്നു. എന്നാൽ, എന്തോ കാരണത്താൽ അനിഷ്ടം തോന്നി മരത്തെക്കുറിച്ചു പരാതി പറഞ്ഞതോടെ ഒരു വലകൊണ്ടു മൂടി പക്ഷികൾ കയറുന്നതിൽ നിന്നു തടയാം എന്നു ഞാൻ പറഞ്ഞിരുന്നു.
പക്ഷേ, അത് അവർക്കു സമ്മതമായില്ല. അവരുടെ തലപ്പൊക്കത്തിൽനിന്ന് എട്ടടി ഉയരത്താലാണ് മരത്തിന്റെ ശാഖകൾ. അവർക്കു ബുദ്ധിമുട്ടുണ്ടാകാത്ത വിധത്തിൽ ഇങ്ങനെ ചെയ്തതാണ്.
ഭാര്യയോടും രണ്ട് പെണ്മക്കളോടും ഒപ്പം മൂന്നു കിടപ്പു മുറികളുള്ള വീട്ടിലാണ് മിസ്ട്രി താമസിക്കുന്നത്. പക്ഷികൾ ശബ്ദമുണ്ടാക്കുന്നതിനെക്കുറിച്ച് അദ്ദേഹം പരാതിപ്പെടാൻ തുടങ്ങിയപ്പോൾ തന്റെ മകൾ മുൻവശത്തെ കിടപ്പുമുറിയിലാണ് ഉറങ്ങുന്നത്.
എന്നാൽ, പക്ഷിബഹളമൊന്നും അവൾ ഇതുവരെ കേട്ടിട്ടില്ല. കാർ അലങ്കോലമാകുന്നുവെന്ന അയൽവാസിയുടെ പരാതിയിലും കഴന്പില്ലെന്നു കണ്ടെത്തിയിരുന്നു.
പക്ഷേ, കഴിഞ്ഞ വാരാന്ത്യത്തിൽ അയൽവാസി ഒരു മരം വെട്ടുകാരനെ കൊണ്ടുവന്നു. അവരുടെ ഭാഗത്തേക്കു നിൽക്കുന്ന മരത്തിന്റെ ശിഖരങ്ങൾ നേർ പകുതിയായി മുറിച്ചു. ആ ക്രൂരതയ്ക്കു ശേഷം താൻ അദ്ദേഹത്തോടു സംസാരിച്ചിട്ടില്ലെന്നു മിസ്ട്രി പറയുന്നു.