മരം ഒരു വരമാണെന്നാണ് പഴമക്കാര്‍ പറയുന്നത്. ഇപ്പോഴത്തെ തലമുറയുടെ പ്രകൃതിസ്‌നേഹം സോഷ്യല്‍മീഡിയയിലെ തള്ളലില്‍ ഒതുങ്ങിയപ്പോള്‍ നാടും നഗരവും കത്തിയെരിയുകയാണ്. കനത്ത ചൂടില്‍ കേരളം ചുട്ടുപൊള്ളുമ്പോഴും പ്രകൃതിയോട് ഒരിറ്റു കരുണകാണിക്കാന്‍ നാം തയാറാകുന്നില്ല. ഇവിടെയാണ് ചാലക്കുടി നഗരസഭയ്ക്കു മുന്നിലെ ആ വലിയ മരത്തിന്റെ പ്രസക്തിയും. ഒരുകൂട്ടം പ്രകൃതിസ്‌നേഹികളുടെ ആര്‍ജവം ഇപ്പോള്‍ തണലേകുന്നത് നിരവധി പേര്‍ക്കാണ്.
സംസ്ഥാനത്ത് കോൺക്രീറ്റ് കെട്ടിടങ്ങളുടെ വർദ്ധനവും ചൂട് കൂടുന്നതിന് കാരണമാകുന്നുവെന്ന് ചില പഠനങ്ങൾ പറയുന്നുണ്ട്. വീട് നിർമാണത്തിനും മറ്റുമായി മരങ്ങൾ മുറിച്ചുമാറ്റുന്നത് വലിയ രീതിയിലാണ് ചൂടിനെ സ്വാധീനിക്കുന്നത്. തണ്ണീർത്തടങ്ങൾ നികത്തി ജലലഭ്യത കുറയ്ക്കുന്നതും ഈ കാലാവസ്ഥയിൽ ജനങ്ങളെ ബാധിക്കുന്നുണ്ട്.
ഈ അവസരത്തിലാണ് ചാലക്കുടി ടൗൺ ഹാളിനു മുന്നിൽ നിൽക്കുന്ന മദിരാശി മരത്തിൻ്റെ ചിത്രം സോഷ്യൽമീഡിയയിൽ ചർച്ചയാകുന്നത്. ഫോട്ടോഗ്രാഫർ കൂടിയായ രതീഷ് കാർത്തികേയനാണ് പ്രസ്തുത ചിത്രം ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുന്നത്.
വെയിലിൽ തണൽ തേടി. ചാലക്കുടി ടൌൺ ഹാളിനു മുന്നിൽ അവശേഷിക്കുന്ന മദിരാശിമരം. ചൂട് താങ്ങാനാവാതെ വാഹനങ്ങൾക്ക് മരത്തിനടിയിൽ അഭയം. ഈ മരം മറിക്കാനായി ചാലക്കുടി നഗരസഭാ പല തവണ ശ്രമിച്ചെങ്കിലും കുറച്ചു നല്ല ആളുകളുടെ എതിർപ്പ് മൂലം നടന്നില്ല- എന്ന കുറിപ്പോടെയാണ് രതീഷ് കാർത്തികേയൻ പ്രസ്തുത ചിത്രം പങ്കുവെച്ചിരിക്കുന്നത്.