വാഹനം വാങ്ങുന്നതിനു നമ്മൾ ഷോറൂമിലെത്തിയാൽ ട്രയൽ റൺ നോക്കുന്നതിനായി ഉപയോക്താക്കൾക്ക് അധികൃതർ വാഹനം നൽകാറുണ്ട്. ട്രയൽ നോക്കിയ ശേഷം വാഹനം നമ്മൾ തിരിച്ച് ഏൽപ്പിക്കാറുമുണ്ട്. എന്നാൽ തിരിച്ച് കൊടുക്കാതെ വന്നാലുള്ള അവസ്ഥ എന്താകുമെന്ന് ചിന്തിച്ച് നോക്കിയിട്ടുണ്ടോ…
കഴിഞ്ഞ ദിവസം ഒരു യുവാവ് ബൈക്ക് വാങ്ങാനെന്ന വ്യാജേന പൊടിക്കുണ്ടിലെ ബൈക്ക് ഷോറൂമിൽ എത്തി. അവിടെ നിന്നു ട്രയൽ റണ്ണിന് കൊണ്ടുപോകുവാണെന്ന് ധരിപ്പിച്ച് ബൈക്കുമായി മുങ്ങി. യൂസ്ഡ് ബൈക്ക് ഷോറൂമിൽനിന്നാണ് കെഎൽ58 എഇ6715 യമഹ ബൈക്കുമായി 26 കാരനായ യുവാവ് മുങ്ങിയത്.
ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. മയ്യിൽ സ്വദേശിയാണെന്നും പേര് സനിത്ത് എന്നാണെന്നും പറഞ്ഞാണ് യുവാവ് ഷോറൂമിൽ എത്തിയത്. നിരവധി ബൈക്കുകൾ നോക്കിയെങ്കിലും യമഹയുടെ ബൈക്കാണ് യുവാവിന് ഇഷ്ടപ്പെട്ടത്.
ഇത് ട്രയൽ റൺ നടത്തണമെന്ന് യുവാവ് ഷോറൂം ഉടമയോട് ആവശ്യപ്പട്ടു. സാധാരണ ഷോറൂമിൽനിന്ന് ആളുകൾ ബൈക്ക് ട്രയൽ റണ്ണിനായി കൊണ്ടുപോകാറുണ്ട്. അതുകൊണ്ടുതന്നെ യുവാവിന് ഉടമ ബൈക്ക് നൽകി.
എന്നാൽ, വൈകുന്നേരം വരെ നോക്കിയെങ്കിലും ബൈക്കുമായി യുവാവ് തിരികെ വന്നില്ല. തുടർന്ന് ഷോറൂം ഉടമ വിനോദ് ഓണപ്പറമ്പ കണ്ണൂർ ടൗൺ പോലീസിൽ പരാതി നൽകി. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.