തൃശൂര്‍:വീണ്ടും പുലിവാല് പിടിച്ച് നടി മഞ്ജുവാര്യര്‍. പനമരം ആദിവാസികോളനിയിലെ വീടുനിര്‍മാണവുമായി ബന്ധപ്പെട്ടു താരത്തിന്റെ വീടിനു മുമ്പില്‍ കോളനി നിവാസികള്‍ സമരത്തിനൊരുങ്ങുകയാണ്. ബുധനാഴ്ച സമരം തുടങ്ങുമെന്നാണ് അറിയിപ്പ്. എന്നാല്‍ സമരം ഒത്തുതീര്‍ക്കാന്‍ സര്‍ക്കാര്‍ ഇടപെടുമെന്നാണു സൂചന. മഞ്ജുവുമായി ചര്‍ച്ച നടത്തിയ മന്ത്രി എ.കെ.ബാലന്‍ സമരക്കാരുമായി ഫോണില്‍ സംസാരിച്ചതായാണു വിവരം.
2017ലാണ് വിവാദത്തിന് ഇടയാക്കിയ സംഭവമുണ്ടായത്. പനമരം ആദിവാസി കോളനിയില്‍ വീടുവയ്ക്കാന്‍ മഞ്ജു വാരിയര്‍ ഫൗണ്ടേഷന്‍ പദ്ധതി തയാറാക്കിയെന്നും പിന്നീട് വാഗ്ദാനം ലംഘിച്ചെന്നുമാണ് ആക്ഷേപം. വാഗ്ദാനം വിശ്വസിച്ച കോളനിവാസികള്‍ക്കു കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളില്‍നിന്നു ലഭിക്കേണ്ടിയിരുന്ന സഹായം നിഷേധിക്കപ്പെട്ടതായാണ് സമരത്തിനു നേതൃത്വം നല്‍കുന്ന ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ പറയുന്നത്.
ഭവനനിര്‍മാണ പദ്ധതി ലക്ഷ്യമിട്ടിരുന്നില്ലെന്നും ആദിവാസി മേഖലയില്‍ എന്തു ചെയ്യാനാവുമെന്നു കണ്ടെത്താന്‍ സര്‍വേ നടത്തുക മാത്രമാണ് ഉണ്ടായതെന്നും മഞ്ജു വാര്യര്‍ സര്‍ക്കാര്‍ നിയമം ഉള്‍പ്പെടെ തടസ്സമായതിനാല്‍ പദ്ധതി ഉപേക്ഷിക്കേണ്ടി വന്നു. ഇക്കാര്യം അന്നുതന്നെ ബന്ധപ്പെട്ടവരെ അറിയിച്ചു. രണ്ടു വര്‍ഷം കഴിഞ്ഞു വിവാദമുണ്ടായതു ചിലരുടെ തെറ്റിദ്ധാരണ മൂലമാണ് മഞ്ജു പറഞ്ഞു.
ആദിവാസി സഹോദരന്‍മാരെ ചിലര്‍ തെറ്റിദ്ധരിപ്പിച്ചു സമരത്തിനിറക്കുകയാണ്. ആദിവാസി സമൂഹത്തിന്റെ നന്മയ്ക്കും പുരോഗതിക്കും വേണ്ടി എന്നും ഒപ്പം നിന്നു പ്രവര്‍ത്തിക്കുമെന്നും നടി വ്യക്തമാക്കി. ആദിവാസി ക്ഷേമത്തിനായുള്ള പദ്ധതികളില്‍ സര്‍ക്കാരിനോടു സഹകരിക്കാമെന്ന മഞ്ജുവിന്റെ വാഗ്ദാനം സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. അതേസമയം, കോളനിയില്‍ സര്‍ക്കാര്‍ പദ്ധതികള്‍ ഒന്നും ഈ പേരില്‍ മുടങ്ങില്ലെന്നു മന്ത്രി വ്യക്തമാക്കി. സമരക്കാരുമായി സര്‍ക്കാര്‍ നേരിട്ടു ചര്‍ച്ച നടത്തുമോയെന്ന കാര്യത്തില്‍ അറിവായിട്ടില്ല.