അഗളി: മട്ടത്തുകാട് ട്രൈബൽ ഹൈസ്കൂൾ (തമിഴ്മീഡിയം) വിദ്യാർഥികളും അധ്യാപകരും പ്രാഥമിക ആവശ്യനിർവഹണത്തിന് അയൽവീടുകളെ ആശ്രയിക്കണം. 1964 ൽ സ്ഥാപിതമായ ഈ സ്കൂൾ ഇന്നും അവഗണനയുടെ പിടിയിലാണ്. ഒന്നുമുതൽ പത്തുവരെ ക്ലാസുകളിലായി 138 കുട്ടികളാു പഠിതാക്കൾ. ഇതിൽ 65 ശതമാനവും പെണ്‍കുട്ടികളാണ്. സ്കൂളിൽ കുടിവെള്ളം ഇല്ലെന്നതാണ് ഏറെ ബുദ്ധിമുട്ടിക്കുന്ന ഒന്ന്.
കാൽകിലോമീറ്ററോളം നടന്നു കൊടുങ്ങരപള്ളത്തിൽ എത്തിയാലേ വെള്ളം ലഭ്യമാകൂ. മുൾചെടികൾ പടർന്ന കാട്ടാനശല്യം ഏറെയുള്ള പ്രദേശമാണിവിടം. ആണ്‍കുട്ടികളും പെണ്‍കുട്ടികളും കുടിവെള്ളംതേടി ഈ അപകടമേഖലയിലേക്കാണ് എത്തുന്നത്. കുറേപേർ അടുത്തുള്ള വീടുകളിൽ ആശ്രയംതേടും. ജലനിധി പദ്ധതിയിലൂടെയാണു സ്കൂളിൽ വെള്ളം ലഭിച്ചിരുന്നത്. ഇപ്പോൾ അതും നിലച്ചിരിക്കുകയാണ്.
ബാത്റൂമുകളും കുടിവെള്ള പൈപ്പുകളും നിലവിലുണ്ടെങ്കിലും അവ നോക്കുകുത്തികളായിമാറി. സ്കൂളിനോടനുബന്ധിച്ചുള്ള സ്ഥലത്തു പൂച്ചെടികൾപോലും വളർത്താൻ വെള്ളത്തിന്റെ അപര്യാപ്തതമൂലം കഴിയുന്നില്ലെന്ന് അധ്യാപകർ പറഞ്ഞു. മണ്‍സൂണ്‍ മഴ തീർത്തും ലഭിക്കാത്ത പ്രദേശമാണിവിടം. തുലാവർഷത്തെ ആശ്രയിച്ചാണു കൃഷിരീതികൾ. വേനൽ അധികരിക്കുന്നതോടെ കൊടുങ്ങരപ്പള്ളവും വറ്റിവരളും.
ഈ അവസരത്തിൽ വിദ്യാർഥികളുടെ അവസ്ഥ അതിദയനീയമായിരിക്കും. പഠനത്തോടൊപ്പം കലാകായികമേഖലകളിലും ഉയർന്ന നിലവാരം പുലർത്തുന്ന സ്കൂളാണിത്. ഈ വർഷത്തെ ജില്ലാതല തമിഴ് കലോത്സവത്തിൽ യുപി തലത്തിൽ ഓവറോൾ ചാന്പ്യൻഷിപ്പ് കരസ്ഥമാക്കി.
നാടകം ഫസ്റ്റ് എഗ്രേഡ്, മോണോ ആക്ട് ഫസ്റ്റ് എഗ്രേഡ്, ലളിതഗാനം, നാടൻപാട്ട്, ദേശഭക്തിഗാനം എന്നിവക്ക് രണ്ടാംസ്ഥാനവും ഏഗ്രേഡും നേടി. ഹൈസ്കൂൾ വിഭാഗത്തിൽ നാടകത്തിനും നാടൻപാട്ടിനും രണ്ടാംസ്ഥാനവും എഗ്രേഡും നേടി. നവംബറിൽ നടന്ന സബ്ജില്ലാകലോത്സവത്തിൽ എൽപി വിഭാഗത്തിലും യുപി വിഭാഗത്തിലും ചാന്പ്യൻഷിപ്പും ലഭിച്ചു.
സ്വന്തമായി ഒരേക്കറോളം ഭൂമിയുള്ള സ്കൂളിന് സ്വന്തമായി കളിസ്ഥലമോ സുരക്ഷിതമായ ചുറ്റുമതിലോ ഇല്ല. പട്ടികവർഗ്ഗ വിദ്യാർഥികളാണ് പഠിതാക്കളിൽ അധികംപേരും. വിദ്യാഭ്യാസ സൗകര്യങ്ങൾക്കായി വൻതുക ചെലവഴിക്കുന്ന അട്ടപ്പാടിയിൽ മട്ടത്തുകാട് ട്രൈബൽ ഹൈസ്കൂളിന്റെ വികസനകാര്യത്തിൽകൂടി ശ്രദ്ധപതിപ്പിക്കണമെന്ന് പിടിഎ ആവശ്യപ്പെട്ടു.