സുൽത്താൻ ബത്തേരി: നൂൽപ്പുഴ പഞ്ചായത്തിലെ കല്ലൂർ രാജീവ് ഗാന്ധി മോഡൽ റസിഡൻഷ്യൽ സ്കൂളിലെ വിദ്യാർഥികൾക്ക് പകർച്ചപ്പനി. നാല് കുട്ടികളുടെ രക്ത സാന്പിൾ മണിപ്പാൽ ആശുപത്രിയിൽ പരിശോധനക്ക് അയച്ചു. ഇതിൽ മൂന്ന് പേർക്കും എച്ച്1 എൻ1 സ്ഥിരീകരിച്ചു. ബാക്കി കുട്ടികളുടേയും രക്ത സാന്പിളുകൾ പരിശോധനക്ക് അയക്കും. രോഗം പടർന്ന് പിടിച്ചതോടെ 353 വിദ്യാർത്ഥികളാണ് ചികിൽസതേടി വിവിധ ആശുപത്രികളിൽ എത്തിയത്.
ഇതിൽ 22 പേരെ ബത്തേരി താലൂക്ക് ആശുപത്രിയിലും നിരപ്പം പ്രാഥമിക ആരോഗ്യകേന്ദ്രത്തിലുമായി പ്രവേശിപ്പിച്ചു. ഒന്നാം ക്ലാസ് വിദ്യാർഥികളായ സ്വാതി, അഭി, മൂന്നാം ക്ലാസ് വിദ്യാർഥി രാജു, നാലാം ക്ലാസിൽ പഠിക്കുന്ന ശരത്ത് വേണു, അഞ്ചാം ക്ലാസിലെ അനീഷ്, ആറാം ക്ലാസിലെ അപ്പു, എട്ടാം ക്ലാസ് വിദ്യാർഥികളായ രൻജിത്ത്, ദൃശ്യ, ഒന്പതാം ക്ലാസിലെ ഷീബ, അജിത, പ്ലസ്ടു വിദ്യാർഥികളായ ശ്രൂജിഷ, വിജിഷ, ആതിര എന്നിവരെയാണ് ബത്തേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
പ്ലസ്ടു വിദ്യാർഥികളായ രാധിക, രേഷ്മ, അജീഷ്, പ്ലസ് വണ് വിദ്യാർഥി അനിൽ, നാലാം ക്ലാസ് വിദ്യാർഥി അതുൽ, രണ്ടാം ക്ലാസിലെ കുട്ടികളായ വിചിത്ര വിജയൻ, അപ്പു, ശ്രീജിത്ത്, ഒന്നാം ക്ലാസ് വിദ്യാർഥി സുജിത്ത് എന്നിവരെയാണ് നൂൽപ്പുഴ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.
കഴിഞ്ഞ 12 മുതലാണ് കുട്ടികൾക്ക് രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങിയത്. കുട്ടികൾക്ക് ചികിൽസ നടത്തിയെങ്കിലും രോഗം പടർന്ന് പിടിക്കുകയായിരുന്നു. തുടർന്നാണ് കുട്ടികളെ താലൂക്ക് ആശുപത്രിയിലും പിഎച്ച്സിയിലും കിടത്തി ചികിൽസ ആരംഭിച്ചത്. ഭയവിഹ്വലരായ രക്ഷിതാക്കാൾ അവരുടെ കുട്ടികളെ സ്കൂളിൽ നിന്ന് വീട്ടിലേക്ക് കൂട്ടികൊണ്ട് പോയി. ഇങ്ങനെ 13 കുട്ടികളെയാണ് വീടുകളിലേക്ക് കൊണ്ടുപോയത്.
രക്തസാന്പിൾ മണിപ്പാലിലേക്ക് പരിശോധനക്ക് അയച്ചപ്പോഴാണ് എച്ച്1 എൻ1 പനിയാണെന്ന് സ്ഥിരീകരിച്ചത്. പനി പടർന്ന് പിടിച്ച രാജീവ് ഗാന്ധി മോഡൽ റസിഡൻഷ്യൽ സ്കൂൾ ജില്ലാ കളക്ടർ അജയകുമാർ സന്ദർശിച്ചു.
ചികിത്സതേടിയ കുട്ടികളെ കളക്ടർ നേരിൽ കണ്ട് വിവരങ്ങൾ ആരായുകയും കുട്ടികൾക്ക് വേണ്ടുന്ന അടിയന്തര ചികിൽസ ലഭ്യമാക്കുന്നതിന് വേണ്ട നടപടിയെടുക്കാൻ ആരോഗ്യ വകുപ്പിന് നിർദേശം നൽകുകയും ചെയ്തു.